( www.truevisionnews.com) പോഷകാഹാരങ്ങൾ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് വളരെ പ്രധാന പങ്ക് വഹിക്കുന്ന ഒരു ഘടകമാണ്. പയര്‍ വര്‍ഗങ്ങള്‍ സസ്യപ്രോട്ടീന്റെ പ്രധാനപ്പെട്ട ചേരുവയാണ്. പയര്‍ വര്‍ഗങ്ങളില്‍ തന്നെ മികച്ചതാണ് ചെറുപയര്‍. ദിവസവും ഒരു പിടി ചെറുപയറെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്കുന്ന ഗുണങ്ങള്‍ പലതാണ്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് , നാരുകൾ, ഫോളേറ്റ്, മാംഗനീസ്, മഗ്നീഷ്യം, വിറ്റാമിൻ ബി 1, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക് എന്നിവയെല്ലാം തന്നെ ഇതില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കഴിയ്ക്കുന്നത് നല്കുന്ന ഗുണങ്ങള്‍ പലതാണ്.
ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നു:
ചെറുപയറിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യും. ഇത് കുടലിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു
നാരുകൾ, പ്രോട്ടീൻ എന്നിവയുടെ സാന്നിധ്യം കാരണം ചെറുപയർ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്നു. ഇത് പ്രമേഹരോഗികൾക്ക് വളരെ നല്ലതാണ്. ഭക്ഷണശേഷം പെട്ടെന്നുണ്ടാകുന്ന പഞ്ചസാരയുടെ വർദ്ധനവ് തടയാൻ ഇത് സഹായിക്കും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ചെറുപയറിലുള്ള നാരുകൾ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
ഉയർന്ന പ്രോട്ടീനും നാരുകളും ഉള്ളതുകൊണ്ട് ചെറുപയർ കഴിക്കുമ്പോൾ വയറു നിറഞ്ഞതായി തോന്നും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുകയും ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയെ പിന്തുണയ്ക്കുകയും ചെയ്യും.
ഊർജ്ജം നൽകുന്നു
ചെറുപയറിൽ കാർബോഹൈഡ്രേറ്റ്സ് അടങ്ങിയിരിക്കുന്നതിനാൽ ഇത് ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നു. ഇതിലെ ഇരുമ്പ് രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് കൂട്ടാനും വിളർച്ച തടയാനും സഹായിക്കുന്നു.
ചർമ്മ സംരക്ഷണം
തിളക്കമാർന്ന ചർമ്മത്തിനായി ഇന്ന് പലരും പല സർജറികളും മാറ്റ് പൊടിക്കൈകളും പരീക്ഷിക്കാറുണ്ട്. ചെറുപയർ പൊടി പണ്ടുകാലം മുതലേ സൗന്ദര്യവർദ്ധക വസ്തുവായി ഉപയോഗിക്കുന്ന ഒരു ഘടകമാണ്. ഇത് മുഖത്തെ എണ്ണമയം കുറയ്ക്കാനും, മുഖക്കുരു തടയാനും, ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും. ചെറുപയർ പൊടി വെള്ളത്തിലോ പാലിലോ കലക്കി മുഖത്ത് തേക്കുന്നത് ചർമ്മത്തിന് നല്ലതാണ്.
മുടി സംരക്ഷണം
മിക്ക ആളുകൾക്കും മുടി കൊഴിച്ചിൽ ഒരു പ്രധാന പ്രശ്നമാണ്. ചെറുപയറിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ട് മുടിയുടെ ആരോഗ്യത്തിനും കരുത്തിനും ചെറുപയർ നല്ലതാണ്.
രക്തസമ്മർദ്ദം കുറയ്ക്കാൻ
ചെറുപയർ സൂപ്പ് കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുകയും അതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളിൽ നിന്നുള്ള കേടുപാടുകൾ തടയുകയും ചെയ്യും.സൂര്യതാപം, ഉയർന്ന ശരീര താപനില, ദാഹം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചെറുപയറിൽ ഉണ്ട്.ഭക്ഷണത്തിൽ ചെറുപയർ ചേർക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
Include green gram in your daily diet benefits health tips
