തിരുവനന്തപുരം: ( www.truevisionnews.com) വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിനു പോയ തൊഴിലാളിയെ കണ്ടെത്താനായില്ല. പള്ളം സ്വദേശിയും വിഴിഞ്ഞം തെന്നൂർക്കോണം കുഴിവിള നിവാസിയുമായ ബെൻസിംഗറി(39)നെയാണ് കടലിൽ കാണാതായത്. ഇന്നലെ വൈകിട്ട് മത്സ്യബന്ധനത്തിന് പോയ ഇയാളെ ഇന്ന് രാവിലെയാണ് കാണാതായത്.
ഇതിനിടെ വിഴിഞ്ഞം ഹാർബറിൽ നിന്നു രണ്ടര കിലോമീറ്റർ അകലെയായി കടലിൽ ആളില്ലാതെ ഒഴുകി നടന്ന വള്ളം കണ്ട മറ്റ് തൊഴിലാളികൾ വിവരം അറിയിച്ചു. പിന്നാലെ വിഴിഞ്ഞം കോസ്റ്റൽ, ഫിഷറീസ് മറൈൻ എൻഫോഴ്സസ്മെന്‍റ് വിഭാഗങ്ങൾ സ്ഥലത്തെത്തി വള്ളം കരയ്ക്കെത്തിച്ചു. വള്ളത്തിനുള്ളിൽ നിന്ന് മൊബൈൽ ഫോണും ചെരുപ്പും കണ്ടെടുത്തതായി കോസ്റ്റൽ പൊലീസ് അറിയിച്ചു.
.gif)

വളളത്തിൽ നിന്നും ലഭിച്ച രേഖകളിൽ നിന്നുമാണ് കാണാതായ ആളെ തിരിച്ചറിഞ്ഞത്. ഇയാൾക്കായി കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സസ്മെന്‍റ്, കോസ്‌റ്റ് ഗാർഡ് എന്നിവ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാളെ രാവിലെ തിരച്ചിൽ തുടരും. മുങ്ങൽ വിദഗ്ധരുടെ സേവനവും നാവിക സേനയുടെ സഹായവും തേടിയിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
ഇതിനിടെ, വിഴിഞ്ഞം ഹർബറിൽ നിന്നും മത്സ്യ ബന്ധനത്തിനു പോയ മറ്റൊരു വള്ളത്തിന്‍റെ എഞ്ചിൻ തകരാറിലായതോടെ കടലിൽ കുടുങ്ങി. വള്ളത്തെയും അതിലുണ്ടായിരുന്ന അഞ്ച് മത്സ്യതൊഴിലാളികളേയും മറൈൻ എൻഫോഴ്സ്മെൻ്റ് രക്ഷിച്ചു. വള്ളക്കടവ് സ്വദേശി ലൂർദ് റൂബി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റൂബി എന്ന വള്ളവും അതിലുണ്ടായിരുന്ന തൊഴിലാളികളായ ഡോബി, ജോസഫ്, ജോമോൻ, ജോൺസൻ , സിൽവസ്റ്റർ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടർ രാജേഷിന്‍റെ നിർദേശപ്രകാരം മറൈൻ എൻഫോഴ്സ്‌മെന്‍റ് ഉദ്യോഗസ്ഥരാണ് റെസ്ക്യൂ വള്ളത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. അതേസമയം, ഇന്നലെ വൈകിട്ട് കരമടി വലയിൽ കിലോക്കണക്കിന് നെത്തോലിയും ഊളിയും അയലയും ലഭിച്ചതോടെ കപ്പലുകൾ കാണാൻ തീരത്തെത്തിയവർക്ക് കോളായി. വിഴിഞ്ഞം സ്വദേശി റൂബന്‍റെ വലയിലാണ് ഇന്നലെ മീൻ കിട്ടിയത്. വൈകിട്ട് 6.30 ഓടെ ഏറെ ശ്രമപ്പെട്ടാണ് വല വലിച്ചു കയറ്റിയത്.രാത്രി വൈകിയും വലയിൽ നിന്നും മീൻ മാറ്റുന്നതിനായി നിരവധി മത്സ്യത്തൊഴിലാളികൾ പണിയെടുക്കേണ്ടിവന്നു.
worker who had gone fishing from Vizhinjam thiruvananthapuram has gone missing
