ദില്ലി: ( www.truevisionnews.com) യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കുവാൻ അടിയന്തിര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകി കെ രാധാകൃഷ്ണൻ എംപി. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.
വധ ശിക്ഷ ഒവിവാക്കാൻ ഇടപെടൽ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശകാര്യ മന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ട് ഇടപെടൽ നടത്താൻ ശ്രമിക്കുന്നുണ്ടെന്നും കെ രാധാകൃഷ്ണൻ അറിയിച്ചു.
.gif)

അതേസമയം യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ, ശിക്ഷിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കാനാണ് യെമൻ ജയിൽ അധികൃതരുടെ തീരുമാനം. മോചനശ്രമങ്ങൾക്കായി ബാക്കി ലഭിക്കുക ഒരാഴ്ച്ച സമയം മാത്രമാണ്. ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങൾ സങ്കീർണ്ണമാണെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിശദീകരണം.
പതിനാറാം തീയതി ശിക്ഷ നടപ്പാക്കാതിരിക്കാൻ ഉന്നതതല ഇടപെടൽ നടത്തുമെന്നും സ്ഥിതി നിരീക്ഷിക്കുന്നുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിമിഷയുടെ കുടുംബത്തിന് എല്ലാ വിധ സഹായങ്ങളും നൽകി വരുന്നതായും പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ടു വരുന്നതായും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. യമൻ പൗരനെ കൊന്ന കേസിലാണ് മലയാളിയായ നിമിഷപ്രിയ ജയിലിൽ കഴിയുന്നത്.
Urgent intervention is needed to avoid Nimisha Priya execution K Radhakrishnan MP writes to the Prime Minister
