കണ്ണൂർ: ( www.truevisionnews.com ) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ അപകടത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.മഴ പെയ്യുന്നതിന് മുൻപു തന്നെ ദേശീയപാത തകർന്നു വീണതുപോലെ, കോട്ടയത്ത് മെഡിക്കൽ കോളജിന്റെ കെട്ടിടം തകർന്നുവീണത് ആരോഗ്യ രംഗത്തെ തകർച്ചയുടെ പര്യായമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
ആരോഗ്യ രംഗത്ത് അരക്ഷിതാവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയെങ്കിലും അത് അംഗീകരിച്ച് തിരുത്താൻ തയാറായില്ല. മുഖ്യമന്ത്രിയും സർക്കാരും അദ്ദേഹത്തെ ഭീഷണിപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചത്.ഡോക്ടറെ ശകാരിച്ചും ഭീഷണിപ്പെടുത്തിയും അദ്ദേഹത്തെക്കൊണ്ട് വെളിപ്പെടുത്തൽ പിൻവലിപ്പിക്കാനാണ് ശ്രമിക്കുന്നത്. ആ സാഹചര്യത്തിലാണ് പ്രഫഷനൽ സൂയിസൈഡിന് നിർബന്ധിതനായിരിക്കുകയാണെന്ന് ഡോക്ടർക്ക് പറയേണ്ടി വന്നത്.
.gif)

അതിനിടെയാണ് കോട്ടയത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന കെട്ടിടം തകർന്നുവീണത്. മന്ത്രിമാരായ വീണാ ജോർജും വാസവനും അതിനെ ന്യായീകരിക്കാനും തേച്ചുമായ്ച്ചു കളയാനും ശ്രമിച്ചാൽ വിലപ്പോകില്ല. കാലപ്പഴക്കമുള്ള കെട്ടിടമായിരുന്നെങ്കിൽ പൊളിച്ചുമാറ്റണമായിരുന്നു.ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് യുഡിഎഫ് നേരത്തെ മുതൽ ആവശ്യപ്പെട്ടതാണ്. എന്നാൽ മേനി നടിക്കാനും അവകാശവാദം ഉന്നയിക്കാനും ആഘോഷം സംഘടിപ്പിക്കാനുമാണ് സർക്കാർ മുൻകൈ എടുത്തത്.
അപാകതകളും പോരായ്മകളും സമ്മതിച്ച് തിരുത്താൻ സർക്കാർ തയാറാകണം. ജില്ലാ ആശുപത്രികളിലേക്കും താലൂക്ക് ആശൂപത്രികളിലേക്കും കോൺഗ്രസ് സമരം വ്യാപിപ്പിക്കും. ഉത്തരവാദിത്തമില്ലായ്മയും കെടുകാര്യസ്ഥതയും ജനങ്ങൾക്ക് പൂർണമായി ബോധ്യപ്പെട്ടു. ഇനിയും ന്യായീകരിക്കാൻ ശ്രമിക്കുന്നത് തികഞ്ഞ പരാജയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഇന്ന് രാവിലെ 10:45 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശിനി ഡി. ബിന്ദു (52) എന്ന സ്ത്രീ മരിച്ചു. 11 വയസ്സുകാരിയായ അലീന വിൻസെൻ്റ് ഉൾപ്പെടെ രണ്ട് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.തകർന്ന കെട്ടിടം ഏറെ പഴക്കമുള്ളതും ഉപയോഗത്തിലില്ലാത്തതുമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജും മന്ത്രി വി.എൻ. വാസവനും പ്രതികരിച്ചിരുന്നു.
എന്നാൽ, തകർന്ന ശുചിമുറി ഭാഗം ആളുകൾ ഉപയോഗിച്ചിരുന്നുവെന്നും രക്ഷാപ്രവർത്തനത്തിൽ കാലതാമസം ഉണ്ടായെന്നും ദൃക്സാക്ഷികളും പ്രതിപക്ഷ നേതാക്കളും ആരോപിക്കുന്നുണ്ട്. ഈ കെട്ടിടം അടച്ചിട്ടിരുന്നതാണെന്നും, പകരം പുതിയ കെട്ടിടം നിർമ്മിച്ച് മാറ്റം പൂർത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നെന്നും മന്ത്രിമാർ വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.
KPCC President Sunny Joseph has strongly criticized the government over the accident at Kottayam Medical College Hospital.
