Jun 30, 2025 05:59 AM

കണ്ണൂര്‍: ( www.truevisionnews.com) മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും വിമര്‍ശിച്ചുവെന്ന വാര്‍ത്തയ്‌ക്കെതിരെ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍.

വിമര്‍ശനവും സ്വയംവിമര്‍ശനവും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇല്ലാത്തതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളതുമായ ഒരു സവിശേഷതയാണെന്ന് പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ സിപിഐഎമ്മിനെ തകര്‍ക്കാനുള്ള ഉദ്ദേശ്യത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

'ജൂണ്‍ 26,27 തീയതികളില്‍ ചേര്‍ന്ന സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചര്‍ച്ച എന്ന രൂപത്തില്‍ ചില മാധ്യമങ്ങളില്‍ എന്റെ പേരുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത കാണുകയുണ്ടായി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ പേരെടുത്ത് പറഞ്ഞും മുഖ്യമന്ത്രിയുടെ പേരുപറയാതെയും വിമര്‍ശിച്ചു എന്നാണ് ഈ വാര്‍ത്തകളില്‍ പറയുന്നത്.

വിമര്‍ശനവും സ്വയംവിമര്‍ശനവും മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇല്ലാത്തതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളതുമായ ഒരു സവിശേഷതയാണ്. പക്ഷേ ഇത്തരം വാര്‍ത്തകള്‍, വലതുപക്ഷ രാഷ്ട്രീയത്തെ, വിശേഷിച്ച് കോണ്‍ഗ്രസ്സിനെയും ആര്‍എസ്എസ്-ബിജെപിയെയും നിശിതമായി എതിര്‍ത്തുകൊണ്ട് യഥാര്‍ത്ഥ ജനാധിപത്യ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന സിപിഐഎമ്മിനെ തകര്‍ക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ്', അദ്ദേഹം പറഞ്ഞു.

സിപിഐഎമ്മിനും ഇടതുപക്ഷ രാഷ്ട്രീയത്തിനും നേതൃത്വം നല്‍കിക്കൊണ്ടും സമൂഹത്തിലെ വിവിധമേഖലകളില്‍ ഉയര്‍ന്നുവരുന്ന ജീര്‍ണ്ണതകള്‍ക്കെതിരായും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും നല്‍കുന്ന ശക്തമായ നേതൃത്വത്തിലുള്ള വിശ്വാസം ഇടിച്ചു താഴ്ത്താനുള്ള ഉദ്ദേശമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലുള്ളതെന്ന് പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി നേതൃത്വത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം വാര്‍ത്താ നിര്‍മ്മിതികള്‍ക്കെതിരായി നിയമനടപടി കൈക്കൊള്ളാന്‍ താന്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ഐകകണ്‌ഠേന തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ആര്‍എസ്എസ് പരമാര്‍ശത്തിന്റെ പേരില്‍ സിപിഐഎം സംസ്ഥാന സമിതിയില്‍ പി ജയരാജന്‍ എം വി ഗോവിന്ദനെ രൂക്ഷമായ വിമര്‍ശിച്ചെന്നായിരുന്നു വാര്‍ത്ത. സാധാരണ അംഗം പോലും നടത്താന്‍ പാടില്ലാത്ത പരാമര്‍ശമാണ് എം വി ഗോവിന്ദൻ നടത്തിയതെന്ന് പി ജയരാജൻ പറഞ്ഞതായും വാർത്തകൾ പ്രചരിച്ചിരുന്നു.

പാര്‍ട്ടി ഉള്ളിടത്തോളം കാലം പരമാര്‍ശം വേട്ടയാടുമെന്നും പി ജയരാജൻ പറഞ്ഞതായും വാർത്തകൾ പുറത്തുവന്നു. എന്നാല്‍ തനിക്കെതിരെ വിമര്‍ശനം ഉണ്ടായിട്ടില്ലെന്നായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്. എം ആര്‍ അജിത് കുമാറിന് നല്‍കുന്ന സര്‍ക്കാര്‍ സംരക്ഷണത്തെയും പി ജയരാജന്‍ വിമര്‍ശിച്ചെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.









pjayarajan responds mvgovindan criticism

Next TV

Top Stories










//Truevisionall