തിരുവനന്തപുരം: (truevisionnews.com) കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ കപ്പലില്‍ നിന്ന് പടർന്ന ഇന്ധനം നീക്കാനുള്ള ശ്രമം തുടരുന്നു. തീര സംരക്ഷണ സേനയുടെ മൂന്ന് കപ്പലുകളും ഡോണിയർ വിമാനവുമാണ് രക്ഷാപ്രവർത്തനം തുടരുന്നത്. നിലവില്‍ ആശങ്കപ്പെടാനില്ലെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിക്കുന്നത്. അപകടത്തില്‍പെട്ട കപ്പലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാനായി ഷിപ്പിങ് മന്ത്രാലയം ഇന്ന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
കൊച്ചിയിൽ കടലിൽ മറിഞ്ഞ കപ്പലിലെ കണ്ടെയ്നറിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ തീരപ്രദേശങ്ങളിൽ നിന്ന് ഉടൻ നീക്കം ചെയ്യും. ഇതിനായി പൊല്യൂഷൻ കൺട്രോൾ ബോർഡിനെ ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ എത്രയും വേഗം മാലിന്യങ്ങൾ നീക്കം ചെയ്യാനാണ് പൊലൂഷൻ കൺട്രോൾ ബോർഡിന് നിർദേശം നൽകിയിട്ടുള്ളത്.
.gif)
തിരുവനന്തപുരത്തിന്റെ തുമ്പ, അഞ്ചുതെങ്ങ്, വർക്കല അടക്കമുള്ള തീരങ്ങളിൽ കണ്ടെയ്നറിനുള്ളിലെ ഉൽപ്പന്നങ്ങൾ അടഞ്ഞിട്ടുണ്ട്. തീരപ്രദേശങ്ങളിൽ അടിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് സിവിൽ ഡിഫൻസിൻ്റെ സേവനം ഉപയോഗപ്പെടുത്തി നീക്കം ചെയ്യണമെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് ഇന്നലെ നിർദേശം നൽകിയിരുന്നു.
തിരുവനന്തപുരത്തിന് പുറമേ കൊല്ലം, ആലപ്പുഴ ജില്ലകളിലും കണ്ടെയ്നറുകൾ അടിഞ്ഞിട്ടുണ്ട്. ബന്ധപ്പെട്ട ജില്ലകളിലെ കലക്ടർമാരുടെ യോഗം വിളിച്ച് പരിഹാരത്തിനുള്ള നിർദേശം മുഖ്യമന്ത്രി നൽകി. കണ്ടെയ്നറുകൾ നീക്കം ചെയ്യാൻ അഞ്ചു ദിവസം എടുക്കുമെന്ന് കപ്പൽ കമ്പനി നിയോഗിച്ച ഉദ്യോഗസ്ഥർ ജില്ലാ ഭരണകൂടത്തെ അറിയിച്ചു.
Efforts continue destroy oil spill sunken cargo ship products container removed
