മുംബൈ: (truevisionnews.com) റെക്കോര്‍ഡ് തകര്‍ത്ത് മുംബൈയില്‍ കനത്ത മഴ. ഒരു നൂറ്റാണ്ട് പഴക്കമുള്ള റെക്കോര്‍ഡാണ് തകര്‍ത്തത്. 69 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് മുംബൈയില്‍ നേരത്തെ മണ്‍സൂണ്‍ ആരംഭിക്കുന്നത്. മെയ് മാസം പെയ്ത മഴയുടെ 107 വര്‍ഷത്തെ റെക്കോര്‍ഡാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പെയ്ത മഴ തകര്‍ത്തതെന്നും . കലാവാസ്ഥാ വകുപ്പ് അറിയിച്ചു. അതിശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് മുംബൈയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മുംബൈയില്‍ രണ്ടാമത്തെ തവണയാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. നരിമാന്‍ പോയിന്റ്, വാര്‍ഡ് മുന്‍സിപ്പല്‍ ഹെഡ് ഓഫീസ്, കൊളാബ പമ്പിങ് സ്റ്റേഷന്‍, കൊളാബ ഫയര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച രാത്രി മുതല്‍ തിങ്കളാഴ്ച രാവിലെ വരെ 200 മില്ലിമീറ്ററിലധികം മഴയാണ് പെയ്തത്. എന്നാലും ഇന്ന് പുലര്‍ച്ചെ 2 മണിയോടെ മഴയ്ക്ക് ചെറിയൊരു ശമനമുണ്ടായിട്ടുണ്ട്.
.gif)

മുംബൈയിലെ റോഡുകളിലും തെരുവുകളിലും വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. കുര്‍ള, സിയോണ്‍, ദഡാര്‍, പാരെല്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലം വെള്ളകെട്ട് രൂപപ്പെട്ടു. വിമാന-ട്രെയിന്‍ സര്‍വീസുകളെയും മഴ ബാധിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്ത മുംബൈ മെട്രോ സ്‌റ്റേഷനിലെ ഭൂഗര്‍ഭ സ്‌റ്റേഷനില്‍ വെള്ളം കയറിയതിനാല്‍ സര്‍വീസ് നിര്‍ത്തിയിരിക്കുകയാണ്.
തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ നേരത്തെയെത്തിയതും ചെറിയ സമയത്തിനുള്ളില്‍ വലിയ അളവില്‍ മഴ പെയ്തതുമാണ് വെള്ളക്കെട്ടുകള്‍ക്ക് കാരണമെന്ന് താനെ സന്ദര്‍ശിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. പതിവിൽ നിന്നും വ്യത്യസ്തമായി 16 ദിവസം മുമ്പാണ് ഇത്തവണ മുംബൈയില്‍ മണ്‍സൂണെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 25നായിരുന്നു മണ്‍സൂണെത്തിയത്.
Heavy rain Mumbai break record Monsoon arrives early after 69 years
