Jul 17, 2025 10:28 AM

ദില്ലി : ( www.truevisionnews.com ) യെമന്‍ ജയിലിലുള്ള നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചര്‍ച്ചകളില്‍ ശുഭസൂചനകള്‍. ചര്‍ച്ചകളോട് കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബം സഹകരിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് സൂഫി പണ്ഡിതരാണ് ഈ കുടുംബത്തോട് സംസാരിച്ചത്.

കുടുംബത്തിന്റെ ഏകീകരണം ഉറപ്പുവരുത്താനാണ് ശ്രമങ്ങള്‍ നടക്കുന്നത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിലെ വലിയൊരു വിഭാഗവും ചര്‍ച്ചകളോടും നിര്‍ദേശങ്ങളോടും സഹകരിക്കുന്നുവെന്നാണ് വിവരം. എന്നാല്‍ കുടുംബത്തിലെ യുവാക്കളുടെ ചെറിയ വിഭാഗം ഇപ്പോഴും ഇടഞ്ഞുതന്നെയാണ്.

കുടുംബത്തിലെ ഭൂരിപക്ഷത്തിന്റേയും സഹകരണം ലഭിച്ചുതുടങ്ങിയ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ എല്ലാവരില്‍ നിന്നും സഹകരണം നേടിയെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുടുംബം മോചനദ്രവ്യം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പുകൊടുക്കാന്‍ തയ്യാറായാല്‍ മാത്രമേ വധശിക്ഷ ഒഴിവാകുകയുള്ളൂ.

ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും വധശിക്ഷയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നും തലാലിന്റെ സഹോദരന്‍ അബ്ദല്‍ഫെത്താ മെഹ്ദി മുന്‍പ് ബിബിസിയോട് പ്രതികരിച്ചിരുന്നു. ദൈവത്തിന്റെ നിയമം നടപ്പാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതില്‍ കുറഞ്ഞൊന്നുമില്ല. തലാലിന്റെ ക്രൂരമായ കൊലപാതകംകൊണ്ട് മാത്രമല്ല, ദീര്‍ഘമായ നിയമനടപടികളാലും കുടുംബം ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു.

കുറ്റകൃത്യത്തെ ന്യായീകരിക്കുകയും കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. എത്രവലിയ കാരണത്താലായാലും ഒരു കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും സഹോദരന്‍ ബിബിസി അറബിക്കിനോട് പറഞ്ഞിരുന്നു.

അതേസമയം ചിലരുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചന ശ്രമങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണെന്ന് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. വധശിക്ഷ നീട്ടിവെച്ച ശേഷവും ദിയാധനത്തിന്റെ കാര്യത്തിലും മറ്റും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതിനിധി സംഘം ഇരയുടെ കുടുംബാംഗങ്ങളുമായി തുടരുന്ന ചര്‍ച്ച സങ്കീര്‍ണമാകുന്ന സാഹചര്യമുണ്ടായിരിക്കുകയാണ്.

ഇരയുടെ കുടുംബം ആദരിക്കുന്ന സൂഫി ഗുരുവായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന്റെ ഇടപെടലുകളെ നിഷേധിച്ചുകൊണ്ടും അവരെ അവഹേളിച്ചുകൊണ്ടും ചില മീഡിയകളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ യെമനില്‍ പ്രചരിച്ചത് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തയാറായ കുടുംബത്തിലെ കാരണവര്‍ക്കെതിരെ യുവാക്കള്‍ പ്രതിഷേധം നടത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചെന്നും നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.




Good sign Nimishapriya release Talal's family begins cooperating with negotiations

Next TV

Top Stories










//Truevisionall