കൊല്ലം: ( www.truevisionnews.com ) തേവലക്കരയിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മ സുജയുമായി ഫോണിൽ ബന്ധപ്പെട്ടതായി വിവരങ്ങൾ. മകന്റെ മരണ വിവരം സുജയെ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. കുവൈത്തിലാണ് മിഥുന്റെ അമ്മയുള്ളത്. മകന്റെ വിവരം അറിയിക്കാൻ പല തവണ ഫോണിൽ വിളിച്ചിട്ടും സുജയെ ലഭിച്ചിരുന്നില്ല.
സുജ വീട്ടുജോലിക്കായി പോയ കുടുംബം തുർക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയായിരുന്നു. ആ കുടുംബത്തിനൊപ്പമായിരുന്നു അമ്മ ഉണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വെച്ച് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ മരിച്ചത്. സ്കൂളിലെ ഷെഡ്ഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറിയ മിഥുന് വൈദ്യുത കമ്പിയിൽ തട്ടിയാണ് ജീവൻ നഷ്ടമായത്. നാല് മാസം മുമ്പാണ് മിഥുന്റെ അമ്മ വിദേശത്തേക്ക് പോയത്. ശാസ്താംകോട്ട വിളന്തറ വലിയപാടത്താണ് മിഥുന്റെ വീട്.
.gif)

അതേസമയം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മിഥുന്റെ വിയോഗത്തിൽ വേദനിക്കുന്ന ബന്ധുക്കളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
അനുശോചനം രേഖപ്പെടുത്തുന്നു. അപകട കാരണം സർക്കാർ വിശദമായി പരിശോധിക്കും. മേലിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം മിഥുൻ്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുക. പൊതുവിദ്യാഭ്യാസ മന്ത്രിയാണ് സ്കൗട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന പ്രസിഡന്റ്. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു മിഥുൻ.
മിഥുന്റെ കുടുംബത്തിന് കെഎസ്ഇബി 5 ലക്ഷം രൂപ ധനയഹായം നൽകുമെന്ന് അറിയിച്ചു. സംഭവത്തിൽ കെഎസ്ഇബി ഉന്നതതല അന്വേഷണം നടത്തുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു. സംഭവത്തിൽ കെഎസ്ഇബിക്കും സ്കൂൾ അധികൃതർക്കും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
relatives say mithun death was reported to his mother
