മലപ്പുറം: ( www.truevisionnews.com ) സംസ്ഥാനത്ത് കാലവർഷത്തിന് വരവറിയിച്ചുകൊണ്ട് മഴ പെയ്ത് തുടങ്ങിയതോടെ അനധികൃത മത്സ്യബന്ധനവും വ്യാപകമാകുന്നു. പാടശേഖരങ്ങളിലാണ് വലിയ വല വെച്ച് മീനുകളെ പിടികൂടുന്നത്. എന്നാൽ അധികൃതർ നടപടികളും ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പരിശോധനക്കിറങ്ങിയ മത്സ്യവകുപ്പ് അധികൃതർ ഇരുപതോളം വലിയ വലകളാണ് പിടികൂടി നശിപ്പിച്ചത്. തെന്നല, എടരിക്കോട് പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന കടലുണ്ടി പുഴയുടെ കൈത്തോടായ വാളക്കുളം - പെരുമ്പുഴ തോട്ടിലായിരുന്നു പരിശോധന. അനധികൃത മത്സ്യബന്ധനം മത്സ്യസമ്പത്തിന് കാര്യമായ ദോഷം ചെയ്യുമെന്നതിനാലാണ് നടപടി ശക്തമാക്കിയത്.
.gif)
മത്സ്യഭവൻ ഓഫീസർ ശിഹാബുദ്ദീന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അക്വാ കൾച്ചർ പ്രമോട്ടർമാരായ ബന്ന, ഷഫീർ, ഷംസീർ, പൊന്നാനി ഫിഷറീസ് സ്റ്റേഷനിലെ സീ റെസ്‌ക്യൂ ഗാർഡുമാർ എന്നിവർ പങ്കെടുത്തു.
അതേസമയം, കേരളത്തിൽ കാലവർഷം എത്തിയതായി ഔദ്യോഗിക അറിയിപ്പ്. 2009 നു ശേഷം കാലവർഷം ഇതാദ്യമായിട്ടാണ് നേരത്തെ എത്തുന്നത്. 2009 ൽ മേയ് 23 നു കാലവർഷം തുടങ്ങിയിരുന്നു. തെക്ക് പടിഞ്ഞാറൻ മൺസൂൺ 8 ദിവസം മുമ്പ് കേരളത്തിൽ എത്തി. കാലവർഷത്തിന്‍റെ വരവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.
കാലവർഷം ഇത്ര നേരത്തെ എത്തുന്നത് 15 വർഷത്തിന് ശേഷമാണെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. സാധാരണ ജൂൺ ഒന്നിനാണ് കാലാവർഷം കേരളത്തിൽ എത്തുക. എന്നാൽ ഈ വർഷം ഒരാഴ്ച മുമ്പേ കാലവർഷം കേരളത്തിൽ എത്തി. കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളിൽ ഓറഞ്ച് അലേർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഉണ്ട്.തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ കനത്ത ജാഗ്രതാ പാലിക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്.
Authorities take action against fishing large nets paddy fields
