കോഴിക്കോട് ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലകളില്‍ വ്യാപക നാശനഷ്ടം

കോഴിക്കോട് ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലകളില്‍ വ്യാപക നാശനഷ്ടം
May 24, 2025 11:50 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  ഇന്നലെ വൈകീട്ടോടെ ആരംഭിച്ച ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട് മലയോര മേഖലകളില്‍ വ്യാപക നാശനഷ്ടം. വൈദ്യുതി പോസ്റ്റുകള്‍ക്ക് മുകളില്‍ മരം വീണതിനെ തുടര്‍ന്ന് നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലായി. വ്യാപക കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂര്‍, ചെറുവാടി എന്നിവിടങ്ങളിലാണ് പ്രധാനമായും നഷ്ടങ്ങളുണ്ടായത്.

കാരശ്ശേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലുള്ള ആക്കോട്ട് ചാലില്‍ സുബിന്‍ എന്ന യുവകര്‍ഷകന്റെ 300 ഓളം വാഴകള്‍ ശക്തമായ കാറ്റില്‍ നിലംപൊത്തി. കുലകള്‍ വിളവെടുപ്പിന് പാകമായ നിലയിലുള്ള വാഴകളാണ് നശിച്ചത്. ആറാം വാര്‍ഡില്‍ തോട്ടക്കാട് സ്വദേശിയായ പുതിയോട്ടില്‍ ഭാസ്‌കരന്‍ എന്നിവരുടെ വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. ശക്തമായി പെയ്ത മഴയില്‍ വീടിന്റെ മുറ്റം ഉള്‍പ്പെടെ താഴേക്ക് പതിക്കുകയായിരുന്നു. വീട് അപകട ഭീഷണിയിലായതിനെ തുടര്‍ന്ന് നാട്ടുകാര്‍ കുടുംബത്തെ മറ്റൊരിടത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പ്രദേശങ്ങളില്‍ ഇപ്പോഴും മഴ തുടരുകയാണ്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൂവാർ വരെ), കൊല്ലം (ആലപ്പാട്ട്‌ മുതൽ-ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) തീരങ്ങളിൽ 24/05/2025 രാവിലെ 8.30 വരെ 1.3 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

24/05/2025 രാത്രി 8.30 മുതൽ 25/05/2025 രാത്രി 8.30 വരെ കേരള തീരത്ത് 2.6 മുതൽ 3.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.


rain widespread damage hilly areas Kozhikode.

Next TV

Related Stories
Top Stories