കൊല്‍ക്കത്ത: ( www.truevisionnews.com ) മദ്യലഹരിയില്‍ സ്ത്രീയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പുര്‍ബ ബേദിനിപുര്‍ ജില്ലയിലെ കൊന്‍ടായ് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുഴിമാടത്തിനരികില്‍ നിന്ന് അസ്ഥികൂടത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രഭാകര്‍ സിദ് എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടിയത്.
ഏഴുകൊല്ലം മുമ്പ് സംസ്‌കരിച്ച ഒരു സ്ത്രീയുടെ കുഴിമാടത്തിനടുത്താണ് നാട്ടുകാര്‍ പ്രഭാകറിനെ കണ്ടത്. ഈ സമയം, കുഴിമാടത്തില്‍നിന്നും മണ്ണുമാറ്റി പുറത്തെടുത്ത അസ്ഥികൂടത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു യുവാവ്. ഇയാളെ നാട്ടുകാര്‍ പൊതിരെ തല്ലിയതായാണ് വിവരം. മാത്രമല്ല, പ്രഭാകറിനെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസിനുനേരെയും നാട്ടുകാര്‍ തിരിഞ്ഞു.
.gif)
സംഭവസ്ഥലത്ത് പോലീസ് എത്തുമ്പോള്‍ നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് അവശനിലയിലായിരുന്നു പ്രഭാകര്‍. എന്നാല്‍ പോലീസിനെ സ്ഥലത്തേക്ക് അടുപ്പിക്കാനോ പ്രഭാകറിനെ വിട്ടുനല്‍കാനോ നാട്ടുകാര്‍ തയ്യാറായില്ല. അക്രമാസക്തരായ ജനക്കൂട്ടത്തില്‍ നിന്നും പ്രഭാകറിനെ രക്ഷിക്കാന്‍ പോലീസ് ബലപ്രയോഗത്തിന് മുതിര്‍ന്നതോടെ നാട്ടുകാര്‍ ഇഷ്ടികയും മറ്റുമെറിഞ്ഞ് പോലീസിനെ ആക്രമിച്ചു.
സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടുമണിക്കൂര്‍ കഠിനാധ്വാനം ചെയ്താണ് പോലീസുകാര്‍ പ്രഭാകറിനെ നാട്ടുകാരുടെ കൈയില്‍നിന്നും രക്ഷപ്പെടുത്തിയത്. മൃതപ്രായനായ യുവാവിനെ പോലീസ് ഉടന്‍തന്നെ കാന്തി സബ് ഡിസ്ട്രിക്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്നും ഒഴിഞ്ഞ മദ്യക്കുപ്പി കണ്ടെടുത്തതായി പോലീസ് പിന്നീട് അറിയിച്ചു.
പ്രഭാകര്‍ സ്ഥിരമായി മദ്യപിക്കുന്ന ആളാണെന്നും, അതിന്റേതായ പ്രശ്‌നങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുള്ളതായും പോലീസിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. നേരത്തെ, മറ്റൊരു സംസ്ഥാനത്ത് ഹോട്ടലില്‍ ജോലി ചെയ്തിരുന്ന പ്രഭാകറിന് മദ്യപാനം മൂലമാണ് ജോലി നഷ്ടപ്പെട്ടത്. ഇത്തരത്തില്‍ മദ്യലഹരിയിലാണ് ഇയാള്‍ അസ്ഥികൂടം പുറത്തെടുത്തത് എന്നാണ് പോലീസിന്റെ നിഗമനം. ഇതിനുപിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നത് അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.
man arrested for trying take selfie with skeleton buried women west bengal
