May 21, 2025 08:45 AM

തിരുവനന്തപുരം:(truevisionnews.com) മോഷണക്കുറ്റം ആരോപിച്ച് അന്യായമായി കസ്റ്റഡിയിൽ വച്ച ബിന്ദുവിന് സ്റ്റേഷനിൽ വെള്ളം നൽകിയില്ലെന്ന ആരോപണം തള്ളി അന്വേഷണ റിപ്പോർട്ട്. വെള്ളം ചോദിക്കുന്നതും എടുത്തുകുടിക്കുന്നതും സിസിടിവിയിലുണ്ടെന്ന് കൻ്റോൺമെൻ്റ് അസി. കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, സ്വർണമോഷണത്തിൽ വീണ്ടും അന്വേഷണം നടത്തും.

ബിന്ദു വീട്ടുജോലിക്കുനിന്ന സ്ഥലത്തെ സ്വർണം മോഷണം പോയത് വീണ്ടും അന്വേഷിക്കാനാണ് തീരുമാനം. ബിന്ദുവിൻ്റെ പരാതിയിലാണ് അന്വേഷണം നടത്തുന്നത്. ഡിജിപിക്ക് നൽകിയ പരാതി കൻ്റോൺമെൻ്റ് എസിപിക്ക് കൈമാറി. സിസിടിവി ദൃശ്യങ്ങൾ കൂടുതലായി പരിശോധിച്ച് മറ്റുള്ളവർക്ക് വീഴ്ചവന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതായി സിറ്റി കമ്മീഷണർ പറഞ്ഞു. സ്റ്റേഷൻ ഉത്തരവാദിത്വമുണ്ടായിരുന്നവർക്ക് എതിരെയാണ് നിലവിൽ നടപടിയെന്നും കമ്മീഷണർ പറഞ്ഞു.

അതിനിടെ, സംഭവത്തിൽ എഎസ്ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തു. ജിഡി ചുമതലയുണ്ടായിരുന്ന' പ്രസന്നൻ കൃത്യനിർവ്വഹണത്തിൽ വീഴ്ചവരുത്തിയെന്ന്' സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ബിന്ദുവിനെ ഏറ്റവും കൂടുതൽ ഭീഷണിപ്പെടുത്തിയത് എഎസ്ഐ പ്രസന്നൻ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോർട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാൻ അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാർജ് മാത്രമാണ് പ്രസന്നനു ഉണ്ടായിരുന്നത്. കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്. ഭർത്താവിനെയും മക്കളെയും പ്രതികൾ ആക്കുമെന്ന് പ്രസന്നൻ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. വൈകിട്ട് ആറിനും രാവിലെ ആറിനും ഇടയിൽ സ്ത്രീകളെ കസ്റ്റഡിയിൽ വെക്കാൻ പാടില്ല. ഇക്കാര്യത്തിൽ എസ്ഐ എസ്ജി പ്രസാദ് ഗുരുതര നിയമ ലംഘനം നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

Thiruvananthapuram Police torture woman on false complaint investigation report out

Next TV

Top Stories