പാലക്കാട്: ( www.truevisionnews.com ) ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധ ഗൂഢാലോചനയിൽ പ്രതികളായ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് കൂടി സുപ്രീംകോടതി ജാമ്യം അനുവദിച്ചു. പോപ്പുലർ ഫ്രണ്ട് ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ, യഹിയകോയ തങ്ങൾ, സി എ റൗഫ് എന്നിവർക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഒരു ആശയത്തിൽ വിശ്വസിക്കുന്നു എന്നതുകൊണ്ട് മാത്രം ജയിലിലടയ്ക്കാനാവില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതിയുടെ നടപടി.
പ്രതികൾക്ക് കുറ്റകൃത്യവുമായി നേരിട്ട് ബന്ധമില്ലെന്നും ജസ്റ്റിസ് അഭയ് എസ് ഓഖ, ഉജ്ജൽ ഭുയൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളാണ് പ്രതികളെന്നും തീവ്രവാദ ബന്ധമുള്ള കേസാണിതെന്നും ജാമ്യാപേക്ഷയെ എതിർത്ത് എൻഐഎ നിലപാടെടുത്തു. എൻഐഎയുടെ എതിർപ്പ് തള്ളിയാണ് സുപ്രീംകോടതി മൂന്ന് പ്രതികൾക്ക് ജാമ്യം നൽകിയത്.
.gif)
കേസിൽ മൂന്ന് പ്രതികൾക്ക് സുപ്രീംകോടതി ഇക്കഴിഞ്ഞ ജാമ്യം നൽകിയിരുന്നു.എം കെ സദ്ദാം ഹുസൈൻ, അഷ്‌റഫ്, നൗഷാദ് എന്നിവർക്കായിരുന്നു തിങ്കളാഴ്ച സുപ്രീംകോടതി ജാമ്യം നൽകിയത്. ഇതോടെ ആകെ 71 പ്രതികളിൽ 34 പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്നും സുപ്രീംകോടതിയിൽ നിന്നുമായി ജാമ്യം ലഭിച്ചു.
2022 ഏപ്രിൽ 16-നാണ് പാലക്കാട്ടെ ആർഎസ്എസ് നേതാവായ ശ്രീനിവാസൻ കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. പിന്നീട് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു.
RSS leader Sreenivasan murder case Three more Popular Front activists granted bail
