കോഴിക്കോട്: ( www.truevisionnews.com) കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടേയും ഒമ്പത് വർഷമാണ് കടന്നു പോയതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം വികസനമാണ്. ഇടത് സർക്കാർ നടപ്പിലാക്കിയത് നവ കേരളത്തിലേക്കുള്ള നയമാണ്. സാമ്പത്തിക രംഗത്ത് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സംസ്ഥാനത്തിന്റ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. അർഹമായ പലതും തടഞ്ഞുവെച്ച് സംസ്ഥാനത്തെ കേന്ദ്രം ഞെരുക്കുകയാണ്.
ഈ പ്രതിസന്ധിയെയും കേരളം മറികടക്കും. ലോക ഭൂപടത്തെ അടയാളപ്പെടുത്തിയ വിഴിഞ്ഞം തുറമുറ പദ്ധതി നടപ്പാക്കാനായത് വലിയ നേട്ടമാണ്. ദേശീയ പാത വികസനം നടപ്പാക്കാനായത് എൽഡിഎഫിന്റെ ഇച്ഛാശക്തിയുടെ ഫലമാണ്. വെള്ളിയാഴ്ച സർക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട് പ്രകാശനം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
'കോവിഡ് പ്രതിസന്ധികളെയും സാമ്പത്തിക രംഗത്തെ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങള്‍ സൃഷ്ടിക്കുന്ന ബിദ്ധിമുട്ടും അതിജീവിച്ചാണ് കേരളം മുന്നോട്ട് പോകുന്നത്. മാറ്റങ്ങള്‍ പ്രകടമാണ്. അത് നാട്ടിലെ ജനങ്ങള്‍ അവരവരുടെ ജീവിതത്തില്‍ അനുഭവിക്കുന്നുണ്ട്.
കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ ഒരു ഘട്ടത്തിലുണ്ടായിരുന്നു. അത് തീര്‍ത്തും അപ്രത്യക്ഷമായി. അങ്ങനെ വെല്ലുവിളിച്ചവരൊക്കെ നിശബ്ദരായി. വിഴിഞ്ഞം യാഥാര്‍ഥ്യമാക്കാനായി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തറക്കല്ലിട്ടെങ്കിലും നിര്‍മാണം നൂറു ശതമാനം തീര്‍ത്തത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. യുഡിഎഫ് സര്‍ക്കാരിന്റെ അലംഭാവം കാരണം വഴിമുട്ടിനിന്ന ഒട്ടേറ പദ്ധതികളുണ്ടായിരുന്നു. അതിലൊന്നാണ് ദേശീയപാത വികസനം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തികൊണ്ട് മാത്രമാണ് അത് പൂര്‍ത്തീകരിച്ചത്.
ഇഴഞ്ഞുനീങ്ങിയ കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാനായി. അസാധ്യമെന്ന് പലരും വെല്ലുവിളിച്ച യുഡിഎഫ് ഉപേക്ഷിച്ച ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയും പൂര്‍ത്തിയാക്കി. വൈദ്യുതി പ്രസരണരംഗത്തും കാര്‍ഷിക-വ്യാവസായിക രംഗത്തും വന്‍കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കിയ ഇടമണ്‍ കൊച്ചി പവര്‍ഹൈവേയും സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. കേരളത്തിന്റെ മുഖഛായമാറ്റുന്ന വന്‍ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്' മുഖ്യമന്ത്രി പറഞ്ഞു.
2016 മുതല്‍ ഇതുവരെ 2,80,934 ഉദ്യോഗാര്‍ഥികള്‍ക്ക് പിഎസ്‌സി വഴിനിയമനം നല്‍കി. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ 4,51,631 വീടുകള്‍ പൂര്‍ത്തീകരിച്ച് നല്‍കാനായി. എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം 4,00,956 പട്ടയങ്ങളാണ് ഇതുവരെ വിതരണം ചെയ്തത്. 2,23,945 പട്ടയങ്ങള്‍ 2021ന് ശേഷം വിതരണം ചെയ്തതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ldf government development says pinarayivijayan
