തിരുവനന്തപുരം : ( www.truevisionnews.com ) സ്വർണമാല കാണാതായ സംഭവത്തിൽ ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിൽ വച്ച് മാനസികമായി പീഡിപ്പിച്ചതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സ്റ്റേഷനിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

സിഎം ഓഫീസിൽ വന്നപ്പോൾ പരിശോധിക്കാമെന്നാണ് പറഞ്ഞതെന്നും പരിശോധനക്കുള്ള താമസം മാത്രമേ സിഎം ഓഫീസിൽ നിന്ന് ഉണ്ടായിട്ടുള്ളൂവെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഇല്ലാത്ത മോഷണക്കുറ്റത്തിന്റെ പേരിൽ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയായ ബിന്ദുവിന് നേരിടേണ്ടിവന്നത് കൊടിയ പീഡനമായിരുന്നുവെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു.
ജോലി ചെയ്യുന്ന വീട്ടില്‍നിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ചാണ് കഴിഞ്ഞമാസം 23 ന് ബിന്ദുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കുടിക്കാന്‍ വെള്ളം പോലും നൽകാതെ 20 മണിക്കൂറോളം ക്രൂരമായ ചോദ്യംചെയ്യല്‍ നടന്നു. മോഷണക്കുറ്റം സമ്മതിച്ചില്ലെങ്കില്‍ പെണ്‍മക്കളെ കേസില്‍ കുടുക്കുമെന്നായിരുന്നു ഭീഷണി. ചട്ടങ്ങളും മനുഷ്യാവകാശങ്ങളും കാറ്റിൽപ്പറത്തിയായിരുന്നു ഒരു രാത്രി മുഴുവൻ ബിന്ദുവിനെ സ്റ്റേഷനിൽ നിർത്തി അധിക്ഷേപിച്ചത്.
പരാതിക്കാരിയുടെ വീട്ടിൽ തെരച്ചിൽ നടത്തിയില്ല. പകരം ജോലി കഴിഞ്ഞു മടങ്ങിയ ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചവരുത്തി. കസ്റ്റഡിയിലെടുക്കുമ്പോൾ ബന്ധുക്കളെ വിവരം അറിയിക്കണമെന്ന ചട്ടം പോലും പാലിച്ചില്ല. ഇത് പെലീസിന്‍റെ നിയമപരമായ ബാധ്യതയാണ്. ബന്ധുക്കൾ വിളിച്ചപ്പോൾ ഫോൺ എടുക്കാൻ പോലും അനുവദിച്ചില്ല. ഒരു സാഹചര്യവും ഇല്ലാതിരിന്നിട്ടും ബിന്ദുവിനെ രാത്രി മുഴുവൻ സ്റ്റേഷനിൽ പാർപ്പിച്ചു.
പിറ്റേന്ന് രാവിലെ മാല കിട്ടിയെന്ന് പരാതിക്കാരി അറിയിച്ചിട്ടും ബിന്ദുവിനെ വിട്ടയച്ചില്ല. മാല കിട്ടിയ കാര്യം അറിയിച്ചതുമില്ല. ഉച്ചക്ക് ഭർത്താവ് വന്നശേഷം മാത്രമാണ് ബിന്ദുവിനെ വിട്ടയച്ചത്. താൻ നേരിട്ട ക്രൂരത പറയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോൾ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി പരാതി വായിക്കാതെ മേശപ്പുറത്തേക്കിട്ടെന്നും കോടതിയില്‍ പോകാന്‍ പറഞ്ഞെന്നും ബിന്ദു പറയുന്നു.
pinarayi vijayan response harassing falsely accused dalit lady bindu custody case
