കൊച്ചി: ( www.truevisionnews.com) ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും വരുന്നതിന്റെ ചെലവുകൾ ഏറ്റെടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വൻതുക പിരിച്ച് ഒരു വിഭാഗം തട്ടിപ്പ് നടത്തിയെന്ന് സ്വർണവ്യാപാരി സംഘടന എകെജിഎസ്എംഎ. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘടന പ്രസിഡൻറ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ, ട്രഷറർ സി.വി.കൃഷ്ണദാസ് എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

ലയണൽ മെസ്സി കേരളത്തിൽ വരുന്നതിന്റെ ചെലവുകൾ വഹിക്കാമെന്ന് സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് വൻ തുക പിരിച്ചെടുത്ത എകെജിഎസ്എംഎ ജസ്റ്റിൻ പാലത്തറ വിഭാഗം നടത്തിയ തട്ടിപ്പിനെ കുറിച്ച് അന്വേഷണക്കണം എന്നാവശ്യപ്പെട്ടാണ് കത്ത്. കായിക മന്ത്രിയെയും, സർക്കാരിനെയും തെറ്റിദ്ധരിപ്പിച്ച് സ്വർണ്ണ വ്യാപാര മേഖലയിൽ നിന്നും ജസ്റ്റിൻ പാലത്തറ വിഭാഗം കോടികൾ പിരിച്ചെടുത്തെന്നും, തട്ടിപ്പിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കായിക മന്ത്രിയോടൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്ത് തങ്ങളാണ് മെസ്സിയെ കൊണ്ടുവരുന്നത് എന്ന് ജസ്റ്റിൻ വിഭാഗം പ്രചരണം നടത്തിയിരുന്നു. മെസ്സി കേരളത്തിൽ കൊണ്ടുവരുന്നത് തങ്ങളാണെന്ന് പ്രചരിപ്പിച്ച് ആറുമാസം നീണ്ടുനിൽക്കുന്ന ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവലിന്റെ ഭാഗമായി "ഒലോപ്പോ" എന്ന ആപ്പ് നിർമ്മിച്ചു 10000 രൂപ വീതം അംഗത്വ ഫീസ് സ്വീകരിച്ച്, ഒട്ടേറെ ജ്വല്ലറികളിൽ നിന്നും പണം തട്ടിയതായാണ് പരാതിയിൽ പറയുന്നത്.
സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും, സ്വർണ്ണ വ്യാപാരികളുടെ ഇടയിൽ നിന്നും വലിയ തോതിൽ സംഭാവന സ്വീകരിക്കുകയും, 17.5 കിലോ സ്വർണം സമ്മാനമായി നൽകും എന്നൊക്കെ പറഞ്ഞു തട്ടിപ്പ് നടത്തുകയും ചെയ്ത സംഘടനയെക്കുറിച്ച് സർക്കാർതലത്തിൽ അന്വേഷണം നടത്തണമെന്നും ഇവരുടെ തട്ടിപ്പ് വെളിച്ചത്തു കൊണ്ടുവരണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. അതേസമയം മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതിൽ സർക്കാരിന്റെ പങ്ക് ഇല്ലെന്നും സ്പോൺസർമാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കായിക മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.
സര്‍ക്കാരിന്റെ കയ്യില്‍ ഇത്ര അധികം പണമില്ല. സ്‌പോണ്‍സര്‍ഷിപ് അവരുടെ റിക്വസ്റ്റ് പ്രകാരം അവര്‍ കൊടുത്തതാണ്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ ഉത്തരവുകള്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ട് സമ്മത പത്രവും നല്‍കിയിട്ടുണ്ട്. സ്‌പോണ്‍സര്‍ ആണ് ചെയ്യേണ്ടതും അവരാണ് തീരുമാനിക്കേണ്ടതും. സ്‌പോണ്‍സര്‍ പിന്മാറിയെന്ന് കാര്യം അവര്‍ ഔദ്യോഗിക മായി അറിയിച്ചിട്ടില്ല.'' കായികമന്ത്രി വ്യക്തമാക്കി.
akgsma state committee alleges scam lionel messi argentina football team kerala visit fundraising campaign
