(truevisionnews.com) ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അഞ്ച് യാത്രക്കാര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെ ലഖ്‌നൗവിലെ മോഹൻലാൽഗഞ്ചിനടുത്തുള്ള കിസാൻ പാതിലാണ് അപകടം ഉണ്ടായത്. ദില്ലിയില്‍ നിന്ന് ബിഹാറിലേക്ക് പോകുകയായിരുന്ന ഒരു ഡബിൾ ഡെക്കർ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് അറുപത് യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.

തീപിടച്ചോടെ പരിഭ്രാന്തിയിലായ ഡ്രൈവറും സഹായിയും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് യാത്രക്കാരെ ബസിൽ നിന്ന് പുറത്തിറങ്ങാൻ സഹായിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആറ് ഫയര്‍ എഞ്ചിനുകളെത്തിയാണ് തീ അണച്ചത്.
അപകടസമയത്ത് യാത്രക്കാരിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നുവെന്നാണ് വിവരം. ബസിൽ പുക നിറഞ്ഞതിനെത്തുടർന്ന് യാത്രക്കാർ ഉണർന്ന് ബസിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Five passengers died after bus caught fire UttarPradesh.
