പാലക്കാട് :(truevisionnews.com)പാലക്കാട് ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരന് ദാരുണാന്ത്യം. ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി മുല്ലശ്ശേരി മാടേക്കാട്ട് മണികണ്ഠന്റെ മകൻ അതുൽ കൃഷ്ണയാണ് മരിച്ചത്. കോക്കൂർ ടെക്നിക്കൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അതുൽ.
സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ അതുൽ കൈകാലുകൾ കഴുകുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മറ്റൊരു സംഭവത്തിൽ, മരണവീട് സന്ദർശിച്ച് മടങ്ങവേ സ്കൂട്ടറിൽ കാറിടിച്ച് യുവാവ് മരിച്ചു. ബാലുശ്ശേരി അറപ്പീടിക തോട്ടത്തിൽ താമസിക്കുന്ന കപ്പുറം കൊന്തളത്ത് മാറായിൽ മുജീബിന്റെ (കുവൈത്ത്) മകൻ മുഹമ്മദ് ഷറീജ് (18) ആണ് മരിച്ചത്. ഇന്നലെ അർധ രാത്രി 12 മണിയോടെ പി.സി പാലം ഭാഗത്ത് ബന്ധുവിന്റെ മരണവീട് സന്ദർശിച്ച് പിതൃസഹോദര പുത്രൻ അനസിനോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
കാക്കൂർ ടൗണിൽ മെയിൻ റോഡിലേക്ക് പ്രവേശിക്കവെ കോഴിക്കോട് ഭാഗത്തുനിന്നും വന്ന കാർ സ്കൂട്ടറിൽ ഇടിച്ചു. ഗുരുതര പരിക്കേറ്റ ഷറീജിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്കൂട്ടർ ഓടിച്ച അനസ് പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മാതാവ്: ഉസ്‍വത്ത് (അറപ്പീടിക). സഹോദരങ്ങൾ: ദിൽനവാസ് (സൗദി), റമീസ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാത്രി പത്തിന് കപ്പുറം പഴയ ജുമാ മസ്ജിദിൽ.
14 year old boy collapsed and died after returning home from a football in palakkad
