പാക് പോർ വിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിൽ; കുതിച്ചെത്തി ഇന്ത്യൻ യുദ്ധ വിമാനങ്ങൾ, അതിർത്തി കടക്കാതെ മടങ്ങി പാക് വിമാനങ്ങൾ

പാക് പോർ വിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിൽ; കുതിച്ചെത്തി ഇന്ത്യൻ യുദ്ധ വിമാനങ്ങൾ, അതിർത്തി കടക്കാതെ മടങ്ങി പാക് വിമാനങ്ങൾ
May 8, 2025 08:24 AM | By Anjali M T

ദില്ലി: ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ പ്രസ്‌താവനയ്ക്ക് പിന്നാലെ പാക് പോർ വിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിലെത്തി. പഞ്ചാബ് അതിർത്തിയോട് ചേർന്ന സ്ഥലത്താണ് പാക് യുദ്ധ വിമാനങ്ങൾ എത്തിയത്. എന്നാൽ റഡാർ സംവിധാനങ്ങൾ വഴി പാക് വിമാനങ്ങളുടെ സഞ്ചാരപഥം മനസിലാക്കിയ ഇന്ത്യൻ യുദ്ധവിമാനങ്ങൾ മേഖലയിലേക്ക് ഉടൻ കുതിച്ചെത്തിയതോടെ പാക് വിമാനങ്ങൾ അതിർത്തി കടക്കാതെ മടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ഇന്ത്യയുമായി സമ്പർക്കം നടത്തുകയാണെന്ന് പാകിസ്ഥാൻ്റെ ഉപപ്രധാനമന്ത്രി ഇഷാഖ് ധ‍ർ ഒരു വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പാക് വിദേശകാര്യ മന്ത്രി കൂടിയാണ് ഇദ്ദേഹം. ഇരു രാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കൾ തമ്മിൽ സമ്പർക്കത്തിലെന്നാണ് പ്രതികരണം. എന്നാൽ ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. രാത്രി വൈകിയാണ് പാക് ഉപപ്രധാനമന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്. അതേസമയം ജമ്മു കശ്‌മീരിലെ അതിർത്തി മേഖലയിൽ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ആക്രമണം തുടരുകയാണ്. കശ്മീരിലെ കുപ്‌വാര, ഗുരേസ് സെക്ടറുകളിലാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.

ഇന്നലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയില്‍ പാകിസ്ഥാനിൽ 31 പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 41 പേര്‍ക്ക് പരിക്കേറ്റു. ഇനിയും പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ സൈനികൻ വീരമൃത്യു വരിച്ചു. ലാൻസ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷൻ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന കേന്ദ്രം നൽകി. കശ്മീരില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീനഗര്‍ എയര്‍പോര്‍ട്ട് ഇന്നും അടച്ചിടും. ജമ്മു കശ്മീരിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഇരു രാജ്യങ്ങളും ഇനി പ്രശ്നങ്ങളുണ്ടാക്കരുതെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഇന്ത്യ പകരം വീട്ടിയെന്നും ഇനി ആക്രമിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.


Operation sindoor pak fighter jets spotted punjab went back without fighting

Next TV

Related Stories
Top Stories