ബഹവൽപുർ മുതൽ കോട്‌ലി വരെ; ‘ഓപറേഷൻ സിന്ദൂറി’ലൂടെ ഇന്ത്യ തിരിച്ചടിച്ചത് ഈ ഒമ്പത് കേന്ദ്രങ്ങളിൽ

ബഹവൽപുർ മുതൽ കോട്‌ലി വരെ; ‘ഓപറേഷൻ സിന്ദൂറി’ലൂടെ ഇന്ത്യ തിരിച്ചടിച്ചത് ഈ ഒമ്പത് കേന്ദ്രങ്ങളിൽ
May 7, 2025 08:51 AM | By VIPIN P V

( www.truevisionnews.com ) ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് തിരിടിയായി പാകിസ്താനിലേയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്. ത്രിതല സേനകൾ സംയുക്തമായി 1971നു ശേഷം നടത്തുന്ന ആദ്യ ദൗത്യമാണിത്.

മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ടതും ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നതുമായ ചില തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ തകർത്തതായാണ് പുറത്തുവരുന്ന വിവരം. ഭീകര സംഘടനകൾ ഉപയോഗിക്കുന്ന പ്രധാന ലോജിസ്റ്റിക്കല്‍, ഓപറേഷണല്‍, പരിശീലന കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിനാണ് ഓപറേഷൻ സിന്ദൂറിൽ ഇന്ത്യ ലക്ഷ്യമിട്ടത്.

പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്കറെ ത്വയ്യിബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദീൻ എന്നീ ഭീകര സംഘടനകളും ഇവയുടെ അനുബന്ധ സംഘടനകളുടെയും കേന്ദ്രങ്ങളാണ് സേന തകർത്തത്. ഇന്ത്യയിൽ പലപ്പോഴായി നടന്ന ഭീകരാക്രമണങ്ങളും നുഴഞ്ഞുകയറ്റങ്ങളും ആസൂത്രണം ചെയ്ത കേന്ദ്രങ്ങളാണിവ.

അതിർത്തി മേഖല കേന്ദ്രീകരിച്ച് ഭീകരപ്രവർത്തനം നടത്തുന്ന സംഘടനകളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംയുക്ത സേനകളുടെ തിരിച്ചടി.

  • ബഹവൽപുർ: പാകിസ്താനിലെ തെക്കന്‍ പഞ്ചാബിലുള്ള ബഹവല്‍പുര്‍ മസൂദ് അസ്ഹറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ്. 2001ലെ പാര്‍ലമെന്റ് ആക്രമണം, 2019ലെ പുല്‍വാമ ചാവേര്‍ ആക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി വലിയ ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ഈ സംഘം ഏറ്റെടുത്തിട്ടുണ്ട്
  • മുരിദ്കെ: ലാഹോറില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ വടക്ക്, ലഷ്കറെ ത്വയ്യിബയുടേയും അതിന്റെ ഉപവിഭാഗമായ ജമാഅത്ത്-ഉദ്-ദവയുടെയും പ്രധാന പ്രവര്‍ത്തന കേന്ദ്രമാണ് മുരിദ്‌കെ. 200 ഏക്കറിലധികം വിസ്തൃതിയുള്ള മുരിദ്‌കെ ഭീകര കേന്ദ്രത്തില്‍ പരിശീലന മേഖലകള്‍, പ്രബോധന കേന്ദ്രങ്ങള്‍, ലോജിസ്റ്റിക്കല്‍ സപ്പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ ഉള്‍പ്പെടുന്നു. 2008ലെ മുംബൈ ആക്രമണം ഉള്‍പ്പെടെയുള്ളവക്ക് പിന്നില്‍ ലഷ്കറെ ത്വയ്യിബയാണ്. ഭീകരർക്ക് ഇവിടെ പരിശീലനം ലഭിച്ചിരുന്നു.
  • കോട്‌ലി: പാകിസ്താൻ അധിനിവേശ കശ്മീരിലെ കോട്‌ലിയിൽ, ചാവേറുകൾക്കും നുഴഞ്ഞുകയറ്റക്കാർക്കും പ്രധാന പരിശീലന കേന്ദ്രമാണ്. ഒരേസമയം 50ലേറെ ഭീകരർക്ക് പരിശീലനം നൽകാനുള്ള സംവിധാനം ഇവിടെയുണ്ടെന്നാണ് വിവരം.
  • ഗുൽപൂർ: ജമ്മു കശ്മീരിലെ രജൗരിയിലും പൂഞ്ചിലും ആക്രമണം നടത്തുന്നതിനുള്ള ഫോര്‍വേഡ് ലോഞ്ച്പാഡായി 2023ലും 2024ലും ഗുല്‍പുരിലെ കേന്ദ്രം ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. ഇന്ത്യന്‍ സുരക്ഷാ വാഹനവ്യൂഹങ്ങളും സിവിലിയന്‍മാരേയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയ തീവ്രവാദികള്‍ക്ക് പ്രവര്‍ത്തന കേന്ദ്രമായിരുന്നു ഇവിടം.
  • സവായ്: വടക്കന്‍ കശ്മീരിലെ, പ്രത്യേകിച്ച് സോനാമാര്‍ഗ്, ഗുല്‍മാര്‍ഗ്, പഹല്‍ഗാം എന്നിവിടങ്ങളിലെ ആക്രമണങ്ങൾക്ക് പിന്നിലെ ആസൂത്രണവുമായി സവായ് ബന്ധപ്പെട്ടിരിക്കുന്നു.
  • സര്‍ജൽ, ബര്‍ണാല: അന്താരാഷ്ട്ര അതിര്‍ത്തിക്കും നിയന്ത്രണരേഖക്കും സമീപം സ്ഥിതി ചെയ്യുന്ന സര്‍ജലും ബര്‍ണാലയും നുഴഞ്ഞുകയറ്റത്തിനുള്ള ഗേറ്റ് വേ പോയിന്റുകളായി കണക്കാക്കപ്പെടുന്നു.
  • മെഹ്മൂന: സിയാല്‍കോട്ടിനടുത്തുള്ള മെഹ്മൂന ക്യാമ്പ്, കശ്മീരില്‍ ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദീന്‍ ഉപയോഗിച്ചിരുന്നു. സമീപ വര്‍ഷങ്ങളില്‍ ഈ സംഘത്തിന്റെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും, അതിര്‍ത്തിക്കപ്പുറത്ത് നിന്ന്, പ്രത്യേകിച്ച് പ്രാദേശിക പിന്തുണാശൃംഖലകള്‍ ഇപ്പോഴും നിലനില്‍ക്കുന്ന മെഹ്മൂന പോലുള്ള പ്രദേശങ്ങളില്‍ നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്.
  • ബിലാൽ ക്യാമ്പ്: ജെയ്ഷെ മുഹമ്മദ് കേന്ദ്രമായ ബിലാൽ ക്യാമ്പിൽ ഭീകരർക്ക് പരിശീലനം നൽകുകയും ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.

ഒമ്പത് കേന്ദ്രങ്ങൾ ഒറ്റനോട്ടത്തിൽ

മർക്കസ് സുബാനല്ല, ബഹവൽപുർ -ജെയ്ഷെ മുഹമ്മദ്

മർക്കസ് തയ്ബ, മുരിദ്കെ - ലഷ്കറെ ത്വയ്യിബ

സർജൽ, തെഹ്റകലൻ - ജെയ്ഷെ മുഹമ്മദ്

മെഹ്മൂന ജോയ, സിയാൽകോട്ട് - ഹിസ്ബുൽ മുജാഹിദീൻ

മർക്കസ് അഹ്ലേഹാദിത്, ബർണാല - ലഷ്കറെ ത്വയ്യിബ

മർക്കസ് അബ്ബാസ്, കോട്‌ലി - ജെയ്ഷെ മുഹമ്മദ്

മസ്കകർ റഹീൽ ഷാഹിദ്, കോട്‌ലി - ഹിസ്ബുൽ മുജാഹിദീൻ

സവായ് നല്ല ക്യാമ്പ്, മുസാഫറബാദ് - ലഷ്കറെ ത്വയ്യിബ

സെയ്ദ്നാ ബിലാൽ ക്യാമ്പ്, മുസാഫറബാദ് - ജെയ്ഷെ മുഹമ്മദ്

bahawalpur kotli why these sites were targeted operation sindoor

Next TV

Related Stories
Top Stories