ദില്ലി: ( www.truevisionnews.com ) നീതി നടപ്പാക്കി എന്നാണ് ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യൻ സേനയുടെ ആദ്യ പ്രതികരണം. രാവിലെ 10 മണിക്ക് വാർത്താസമ്മേളനം നടത്തി സൈന്യം വിശദമായ വിവരം നൽകും. ലഷ്കർ, ജയ്ഷെ കേന്ദ്രങ്ങളാണ് മിസൈൽ ആക്രമണത്തിലൂടെ ഇന്ത്യൻ സൈന്യം തകർത്തത്. പഹൽഗാം ആക്രമണത്തിനും ഭീകരവാദത്തിനും ചുട്ട മറുപടി നൽകിയിരിക്കുകയാണ് രാജ്യം.

ഒൻപത് പാക് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഭീകരരുടെ താവളങ്ങൾ മാത്രം ഉന്നമിട്ടായിരുന്നു ആക്രമണം. സാധാരണക്കാരെയും പാക് സൈന്യത്തെയും ലക്ഷ്യമിട്ടിട്ടില്ല.
ഇന്ത്യയ്‌ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ പ്രധാന പങ്കുവഹിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് ബാവൽപൂരിലും മുദ്‍രികെയിലുമുള്ളത്. ഇന്ത്യൻ സൈന്യത്തിന്‍റെ ലക്ഷ്യം കൊടും ഭീകരരുടെ കേന്ദ്രങ്ങളായതിനാലാണ് ഇരു കേന്ദ്രങ്ങളും തകർത്തത്.
സൈന്യം തകർത്ത ബാവൽപൂരിലെ ജയ്ഷെ കേന്ദ്രം കൊടുംഭീകരൻ മസൂദ് അസറിന്‍റെ പ്രധാന ഒളിത്താവളമാണ്. മുദ്‍രികെയിലെ ലഷ്കർ കേന്ദ്രങ്ങളിലും ആക്രമണം നടത്തി. മുദ്‍രികെ ഹാഫിസ് സയ്യിദിന്‍റെ കേന്ദ്രമാണ്. റഫാൽ വിമാനങ്ങളിൽ നിന്ന് മിസൈൽ തൊടുത്തായിരുന്നു ആക്രമണം.
justice served indian army launching operation sindoor
