'ഒന്നിനും പകരമാവില്ലെങ്കിലും രാജ്യം തിരിച്ചടിച്ചതിൽ അഭിമാനം'; പഹല്‍ഗാമില്‍ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ മകള്‍ ആരതി

'ഒന്നിനും പകരമാവില്ലെങ്കിലും രാജ്യം തിരിച്ചടിച്ചതിൽ അഭിമാനം'; പഹല്‍ഗാമില്‍ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ മകള്‍ ആരതി
May 7, 2025 07:30 AM | By Jain Rosviya

(truevisionnews.com) പഹല്‍ഗാം ഭീകരാക്രമണത്തിന് നേരെ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതിൽ അഭിമാനമെന്ന് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ മകൾ ആരതി. ഒന്നിനും പകരമാവില്ലെങ്കിലും രാജ്യം തിരിച്ചടിച്ചതിൽ സന്തോഷവും അഭിമാനവുമാണുള്ളതെന്നും ആരതി പറഞ്ഞു.

അച്ഛന്റെ നഷ്ട്ടം ഒരിക്കലും നികത്താൻ സാധിക്കില്ലെന്നും ആരതി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിച്ചിരുന്നു. തിരിച്ചടിക്കായി പ്രാർത്ഥിച്ചിരുന്നു.അതിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ഭീകരരെ കുറിച്ചുള്ള ചില വിവരങ്ങൾ നൽകാൻ സാധിച്ചു ഇനിയും അത് തുടർന്നുകൊണ്ടിരിക്കും.

പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനമാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്. ഇന്നു പുലർച്ചെ 1.44 ഓടെയാണ് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകൾ സംയുക്തമായി, ‘ഓപ്പറേഷൻ‌ സിന്ദൂർ’ എന്ന പേരിട്ട ദൗത്യം നടത്തിയത്. മുസാഫർബാദ്, ബഹവൽപുർ, കോട്‌ലി, മുരിഡ്‌ക് എന്നിവടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം എന്നാണു വിവരം. ലഷ്കറെ തയിബയുടെ ആസ്ഥാനമാണ് മുരിഡ്‌ക്. പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ മസൂദ് അസ്ഹർ നേതൃത്വം നൽകുന്ന ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ് ബഹവൽപുർ.

ആക്രമണത്തിനു പിന്നാലെ ‘നീതി നടപ്പാക്കി’യെന്ന് കരസേന പ്രതികരിച്ചു. പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഭീകരതാവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം പറഞ്ഞു. ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചിട്ടില്ലെന്നാണു വിവരം. അഞ്ചിടത്ത് മിസൈൽ ആക്രമണമുണ്ടായെന്നും മൂന്നു പേർ കൊല്ലപ്പെട്ടെന്നും 12 പേർക്ക് പരുക്കേറ്റെന്നും പാക്കിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചു.

ആക്രമണത്തിനു തിരിച്ചടി നൽകുമെന്നും മിസൈൽ പ്രതിരോധ സംവിധാനം സജ്ജമാണെന്നും പാക്കിസ്ഥാൻ സൈന്യം പറഞ്ഞു. ഇന്ത്യയുടെ തിരിച്ചടിക്കു പിന്നാലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ സൈന്യം വെടിവയ്പ്പ് തുടങ്ങിയിട്ടുണ്ട്. ഏപ്രിൽ 22 നാണ് കശ്മീർ പഹൽഗാമിലെ ബൈസരൺവാലി വിനോദസഞ്ചാരകേന്ദ്രത്തിൽ പാക്ക് പിന്തുണയോടെ ഭീകരാക്രമണമുണ്ടായത്. 26 ഇന്ത്യക്കാർ അന്നു കൊല്ലപ്പെട്ടു.

ഭീകരസംഘടനയായ ലഷ്കറുമായി ബന്ധമുള്ള റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിരുന്നു. ആക്രമണത്തിനു ശേഷം ഇന്ത്യ പാക്കിസ്ഥാനുമായുള്ള സിന്ധുനദീതട കരാർ റദ്ദാക്കുകയും പാക്ക് പൗരന്മാരെ പുറത്താക്കി അതിർത്തികൾ അടയ്ക്കുകയും ചെയ്തിരുന്നു.






Pahalgam terror attack operation sindoor arathi reacts daughter of Ramachandran

Next TV

Related Stories
Top Stories