ന്യൂഡല്‍ഹി: (truevisionnews.com) പഹല്‍ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനൊപ്പം രാജ്യം നീതിക്കായി കാത്തിരിക്കുന്നുവെന്നും എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടണമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും രാഹുല്‍ പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ലെഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ കുടുംബത്തെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് എന്തുകൊണ്ട് അവഗണിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ചോദിച്ചു. ജമ്മുകശ്മീര്‍ പൊലീസിനെ അടക്കം ഇക്കാര്യം അറിയിക്കാതിരുന്നത് എന്തുകൊണ്ടെന്നും ഖര്‍ഗെ ചോദിച്ചു.സുരക്ഷാ വീഴ്ച ഉണ്ടായി എന്ന് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗത്തില്‍ സമ്മതിച്ചതാണ്. ഏപ്രില്‍ 19-ലെ ജമ്മുകശ്മീര്‍ യാത്ര പ്രധാനമന്ത്രി റദ്ദാക്കി. ആക്രമണത്തിന് മൂന്ന് ദിവസം മുന്‍പേ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഖര്‍ഗെയുടെ വിമര്‍ശനത്തിനെതിരെ ബിജെപി രംഗത്തെത്തി. രാജ്യം നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ കോണ്‍ഗ്രസിന് പാകിസ്താന്റെ ഭാഷയെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. കോണ്‍ഗ്രസ് സേനയെ വിമര്‍ശിച്ചു കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് രാജ്യത്തെയും സൈന്യത്തെയും അപമാനിച്ചുവെന്നും ബിജെപി വിമര്‍ശിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഭീകരര്‍ സഞ്ചാരികളെ ലക്ഷ്യമിടുന്നുവെന്ന റിപ്പോര്‍ട്ട് ഇന്റലിജന്‍സ് നല്‍കിയിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ ഒരു തെളിവും ലഭിക്കാതെ വന്നതോടെ ഓപ്പറേഷന്‍ ഉപേക്ഷിച്ചെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതേ ദിവസമാണ് പഹല്‍ഗാമില്‍ ഭീകരാക്രമണം ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Pahalgam terror attack all culprits should be punished says Rahul Gandhi
