ഇടുക്കി: ( www.truevisionnews.com ) വിഷം ഉള്ളിൽച്ചെന്ന് അത്യാസന്നനിലയിലായ യുവാവുമായി വന്ന ആംബുലൻസ് മൂന്നാർ-ഉദുമൽപ്പേട്ട അന്തഃസംസ്ഥാനപാതയിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങി. കുരുക്കുമാറ്റി ഒരു മണിക്കൂറിന് ശേഷം ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറയൂർ മേലാടിയിൽ രാജൻ (42) ആണ് മരിച്ചത്.

അന്തഃസംസ്ഥാനപാതയിലെ ചിന്നാർ എസ് വളവിലാണ് സംഭവം. വീതിക്കുറവും ഇരുവശങ്ങളിലുമുള്ള വലിയ കട്ടിങ്ങും കാരണം ഈ പാതയിൽ ദിവസവും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു. ഞായറാഴ്ച രാവിലെയാണ്, വിഷം ഉള്ളിൽച്ചെന്നനിലയിൽ രാജനെ വീട്ടിൽ കണ്ടെത്തിയത്.
ഉടനെ 108 ആംബുലൻസിൽ തമിഴ്നാട്ടിലെ ഉദുമൽപ്പേട്ട താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് കുരുക്കിൽപ്പെട്ടത്. ആംബുലൻസ് കടത്തിവിടാൻ മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാർ ഉൾപ്പെടെ ശ്രമിച്ചെങ്കിലും റോഡിന്റെ വീതിക്കുറവും ഇരുവശങ്ങളിലുമുള്ള കട്ടിങ്ങും കാരണം കഴിഞ്ഞില്ല. ഒരുമണിക്കൂർ ഇവിടെ കിടക്കേണ്ടിവന്നു.
പിന്നീട് ഉദുമൽപ്പെട്ടയിലെ ആശുപത്രിയിൽ എത്തിച്ച് ഏതാനും മിനിട്ടുകൾക്കകം രാജൻ മരിച്ചു. തടസ്സമില്ലാതെ ആംബുലൻസ് ആശുപത്രിയിൽ എത്തിയിരുന്നുവെങ്കിൽ രാജന്റെ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്ന് ഒപ്പംപോയ സുഹൃത്ത് ബാലകൃഷ്ണൻ പറഞ്ഞു. ഈ പാതയിലെ മറയൂർ മുതൽ തമിഴ്നാട്ടിലെ ഒൻപതാർ വരെയുള്ള 34 കിലോമീറ്റർ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വനമേഖലയിലൂടെ പോകുന്ന പാതയ്ക്ക് വീതിയില്ലാത്തതാണ് കാരണം. ഇരുവശത്തും വലിയ കൊക്കയുമാണ്. റോഡ് ടാർ ചെയ്ത് കഴിഞ്ഞപ്പോഴേക്കും ഇരുവശത്തും വലിയ കട്ടിങ്ങുമുണ്ടായി.
Ambulance carrying patient gets stuck in traffic jam youngman died
