മലപ്പുറം: (truevisionnews.com) നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പുതുക്കിയ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പുതുക്കിയ പട്ടിക അനുസരിച്ച് മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 232384 ആണ്. അതിൽ 113486 പുരുഷ വോട്ടർമാരും 118889 സ്ത്രീ വോട്ടർമാരും ഒമ്പത് ട്രാൻസ്ജെൻഡേഴ്സും ഉൾപ്പെടും.

പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 263 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. എല്ലാവർക്കും എളുപ്പത്തിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്നതിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ആരംഭിച്ചു. മണ്ഡലത്തിലെ ലിംഗാനുപാതം 1000 പുരുഷൻമാർക്ക് 1048 സ്ത്രീകൾ എന്നതാണ്. അന്തിമ പട്ടികയിൽ 374 പ്രവാസി വോട്ടർമാരും ഉൾപ്പെട്ടിട്ടുണ്ട്. ഫോട്ടോ പതിച്ച തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വിതരണം മുഴുവൻ പൂർത്തിയായിട്ടുണ്ട്. ആകെ 6082 പുതിയ വോട്ടർമാരെ ഉൾപ്പെടുത്തിയതിൽ നിന്നും ഫീൽഡ് പരിശോധനകൾക്കു ശേഷം 2,210 പേരുകൾ നീക്കം ചെയ്തിട്ടുണ്ട്.
ജനപ്രാതിനിധ്യനിയമം 1950ലെ സെക്ഷൻ 24 പ്രകാരം ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറുടെ ഉത്തരവിനെതിരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്കും ആവശ്യമെങ്കിൽ വോട്ടർമാർക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും അപ്പീൽ നൽകാൻ കഴിയുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു. അന്തിമ വോട്ടർപട്ടികയുടെ പകർപ്പുകൾ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്ക് നിലമ്പൂർ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ എംപി സിന്ധു കൈമാറി.
അതേ സമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ പി വി അൻവർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ഉപതിരഞ്ഞെടുപ്പ് എത്രയും വേഗത്തിൽ നടത്തണമെന്ന് ആവശ്യമുന്നയിച്ചാണ് അൻവറിൻ്റെ കത്ത്. ഇനിയും വൈകിയാൽ നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും പി വി അൻവർ പറഞ്ഞു.
Nilambur by-election Revised final voter list published
