തൊടുപുഴ: (truevisionnews.com) സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബസ് ബൈക്കിനെ ഇടിച്ചിട്ട ശേഷം ഏറെ ദൂരം വലിച്ചിഴച്ച് കൊണ്ടുപോയെന്ന് നാട്ടുകാർ പറഞ്ഞു. തൊടുപുഴ മുതലക്കോടം കൊതകുത്തി അന്ത്യാലുങ്കല്‍ ദാസിന്റെ മകന്‍ ആദിത്യന്‍ (21) ആണ് മരിച്ചത്. ബസിനടിയില്‍പ്പെട്ട ബൈക്ക് യാത്രികനുമായി റോഡിലൂടെ ഏറെ നേരം നിരങ്ങി നീങ്ങിയ ശേഷമാണ് ബസ് നിന്നത്. ആദിത്യന്‍ ബസിനടിയില്‍ കുടുങ്ങിപ്പോയിരുന്നു. ഗുരുതരമായി പരുക്കേറ്റ ആദിത്യന്റെ കാല്‍ ഒടിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് തൊടുപുഴ കാളിയാര്‍ റോഡിലെ ചെറുനിലം ബസ് സ്റ്റോപ്പിന് സമീപത്ത് നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണമായ അപകടം നടന്നത്. തൊടുപുഴയില്‍ നിന്നും വണ്ണപ്പുറത്തിന് പോകുകയായിരുന്ന എയിന്‍സ് ബസ് എതിര്‍ ദിശയില്‍ വന്ന ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഉടനെ തന്നെ നാട്ടുകാര്‍ സ്വകാര്യ ആംബുലന്‍സില്‍ യുവാവിനെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് തൊടുപുഴ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
അപകടമറിഞ്ഞ് കാളിയാര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചതിനു ശേഷം അഗ്‌നി രക്ഷാസേനയാണ് ബൈക്ക് ബസിനടിയില്‍ നിന്നും വലിച്ചു മാറ്റിയത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ആദിത്യന്റെ മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് വിദ്യാർഥിയായിരുന്നു ആദിത്യൻ. സാലിയാണ് അമ്മ. അനന്തു സഹോദരനാണ്.
Youth dies in collision between private bus and bike more details released
