കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് നഗരത്തില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റെന്ന് മൊഴി. അസം സ്വദേശിയായ പതിനേഴുകാരിയാണ് പൊലീസിൽ മൊഴി നൽകിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവാണ് മൂന്നുമാസം മുൻപ് പെൺകുട്ടിയെ കേരളത്തിലെത്തിച്ചത്. 15,000 രൂപ മാസശമ്പളത്തിൽ ജോലി തരപ്പെടുത്തിത്തരാമെന്നായിരുന്നു വാഗ്ദാനം. ഇയാൾക്കായി മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ഊർജിതമാക്കി.

കേന്ദ്രത്തിൽനിന്ന് ഒരാഴ്ചമുൻപാണ് അതിസാഹസികമായി പെൺകുട്ടി രക്ഷപ്പെട്ടത്. തന്നെപ്പോലെ അഞ്ച് പെൺകുട്ടികൾ മുറിയിലുണ്ടായിരുന്നെന്ന് ഇവർ അധികൃതരോടുപറഞ്ഞു. ഒരുദിവസം മൂന്നും നാലും പേർ മുറിയിലെത്താറുണ്ടെന്നും ഞായറാഴ്ചകളിൽ ആറും ഏഴും പേരെ യുവാവ് പ്രവേശിപ്പിക്കാറുണ്ടെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്.
സ്ഥിരമായി മുറി പൂട്ടിയിട്ടാണ് ഇയാൾ പുറത്തുപോവാറ്. ഒരാഴ്ചമുൻപ് മുറിതുറന്ന് ഇയാൾ ഫോണിൽ സംസാരിച്ച് ടെറസിലേക്ക് നടന്നുപോയസമയത്താണ് ഇവർ രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിന്റെ തലേദിവസം വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഓട്ടോറിക്ഷയിൽ പോകുന്നതിനിടയിൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
മുറിയിൽനിന്ന് രക്ഷപ്പെട്ട ഉടൻ മുന്നിൽക്കണ്ട ഒരു ഓട്ടോറിക്ഷയിൽക്കയറി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തി വിവരമറിയിച്ചതോടെ പോലീസ് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മുൻപാകെയെത്തിച്ചു. സിഡബ്ല്യുസി കൗൺസലിങ് നൽകി വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുകയും പിന്നീട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയുംചെയ്തു.
അതിനിടയിൽ പെൺകുട്ടിയെ തിരിച്ച് അസമിലേക്ക് കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മാതാവിന്റെ ബന്ധു സിഡബ്ല്യുസി അധികൃതരുടെ മുന്നിലെത്തി. ആധാർ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ വ്യാജ ആധാർകാർഡാണ് നൽകിയത്. ഇതിൽ 20 വയസ്സെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. സംശയംതോന്നിയ അധികൃതർ കൂടുതൽ ചോദ്യങ്ങളുന്നയിച്ചതോടെ, ഇത് പെൺകുട്ടിയെ കൊണ്ടുവന്ന യുവാവ് വ്യാജമായി നിർമിച്ചതാണെന്ന് വ്യക്തമായി. കെട്ടിടമേതെന്ന് തിരിച്ചറിയാനും ഒളിവിൽപ്പോയ യുവാവിനെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
trapped exploited assam teenagers escape
