May 2, 2025 08:03 PM

ഇസ്ലാമാബാദ്:(truevisionnews.com) ഇന്ത്യയില്‍നിന്ന് മടങ്ങുന്ന പാക് പൗരന്മാര്‍ക്കായി വാഗാ അതിര്‍ത്തി തുറന്നിടുമെന്ന് പാകിസ്താൻ. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള പാകിസ്താനി പൗരന്മാരോട് ഉടന്‍ മടങ്ങിപ്പോകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഏപ്രില്‍ മുപ്പതായിരുന്നു പാക് പൗരന്മാര്‍ക്ക് സ്വദേശത്തേക്ക് മടങ്ങിപ്പോകാനുള്ള അവസാനതീയതി. പാക് പൗരന്മാര്‍ക്ക് മടങ്ങിപ്പോകാന്‍ അനുവദിച്ചിരുന്ന സമയം ഏപ്രില്‍ മുപ്പതിന് അവസാനിച്ചതോടെ വ്യാഴാഴ്ച അതിർത്തി അടച്ചിരുന്നു. ഇതോടെ ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്ക് പോകാനെത്തിയ എഴുപതോളം പാക് പൗരന്മാര്‍ അതിര്‍ത്തിയില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തില്‍ അതിര്‍ത്തിയില്‍ കുടുങ്ങിയെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പാക് പൗരന്മാരെ അവരുടെ ഭാഗത്തെ അതിർത്തി കടക്കാൻ ഇന്ത്യൻ അധികൃതർ അനുവദിക്കുകയാണെങ്കിൽ അവരെ സ്വീകരിക്കാൻ പാകിസ്താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ ഔദ്യോഗിക യുട്യൂബ് ചാനല്‍ ഇന്ത്യയില്‍ നിരോധിച്ചു. ദേശീയസുരക്ഷ, ക്രമസമാധാനം എന്നിവയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് നിലവില്‍ ഈ ഉള്ളടക്കം രാജ്യത്ത് ലഭ്യമല്ലെന്നാണ് ഷരീഫിന്റെ ഔദ്യോഗിക യുട്യൂബ് ചാനല്‍ സന്ദര്‍ശിക്കുമ്പോള്‍ കാണാനാകുന്ന സന്ദേശം.

പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഷഹീന്‍ഷാ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരുടെ അക്കൗണ്ടുകളാണ് ഇന്ത്യയില്‍ നിരോധിച്ചത്. ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ നിര്‍ദേശം പാലിച്ചതിനാല്‍ അക്കൗണ്ട് ഇന്ത്യയില്‍ ലഭ്യമല്ലെന്നാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍ കാണിക്കുന്ന സന്ദേശം. കഴിഞ്ഞദിവസം ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവും പാകിസ്താന്റെ ജാവലിന്‍ താരവുമായ അര്‍ഷദ് നദീമിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഇന്ത്യയില്‍ നിരോധിച്ചിരുന്നു. നേരത്തെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് മാധ്യമസ്ഥാപനങ്ങളായ ഡോണ്‍, സമാ ടിവി, ജിയോ ന്യൂസ് ഉള്‍പ്പെടെയുള്ളവയുടെ 16 യുട്യൂബ് ചാനലുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു.


wagah border open returning pak nationals says islamabad

Next TV

Top Stories