മലപ്പുറം: (truevisionnews.com) അരീക്കോട് പൊലീസ് ക്യാമ്പിൽ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ ഹവീൽദാർ സി വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ നടപടി. എസ്ഒജി ഉദ്യോഗസ്ഥരായ രണ്ട് കമാൻഡോ ഹവീൽദാർമാരെ സസ്പെൻഡ് ചെയ്തു. മുഹമ്മദ് ഇല്യാസ്, പയസ് സെബാസ്റ്റ്യൻ എന്നിവർക്ക് എതിരെയാണ് നടപടി. വിനീതിന്‍റെ മരണത്തിൽ സേനാംഗങ്ങളുടെ പരിശീലനം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു, എസ്ഒജിയുടെ രഹസ്യ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ നേതാവിനും കെെമാറി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് ഉദ്യോഗസ്ഥർക്കെതിരായ നടപടി.

ഇത് എസ്ഒജി പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തിയെന്നും ഉത്തരവിൽ ചൂണ്ടികാട്ടി. ഇവരുടെ പ്രവര്‍ത്തി ഗുരുതര അച്ചടക്ക ലംഘനവും സേനയ്ക്ക് അപമാനം ഉണ്ടാക്കുന്നതാണെന്നും ഉത്തരവിലുണ്ട്.
കഴിഞ്ഞ വർഷമായിരുന്നു ക്യാമ്പിലെ ശുചിമുറിയിൽ വിനീതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാമ്പിലെ റീഫ്രഷ്മെൻറ് പരിശീലനത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് വലിയ മാനസിക പീഡനമാണ് വിനീത് നേരിട്ടതെന്ന് തെളിയിക്കുന്ന സന്ദേശവും കത്തുകളും പുറത്ത് വന്നിരുന്നു. അവധി ലഭിക്കാത്തതിനെ തുടർന്നാണ് വിനീത് ജീവനൊടുക്കിയത് എന്ന തരത്തിലും സഹപ്രവർത്തകർ പരാതിയുമായി രംഗത്ത് വന്നിരുന്നു. 2011 ബാച്ചിലെ അംഗമാണ് വിനീത്. റീഫ്രഷ്മെൻറ് പരിശീലനത്തിനായി നവംബറിലാണ് അരീക്കോട് ക്യാമ്പിലേക്ക് വിനീത് എത്തുന്നത്.
Vineeth death Secret information regarding SOG leaked
