മലപ്പുറം: (truevisionnews.com) കൊണ്ടോട്ടിയിൽ വീട്ടിൽ നിന്ന് ഒന്നരകിലോയിലധികം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ബേപ്പൂർ സ്വദശി മുഹമ്മദ് സനിൽ, നെടിയിരുപ്പ് സ്വദേശി നാഫിദ് എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവർ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ കണ്ണികളാണെന്നാണ് പൊലീസ് നിഗമനം.

കഴിഞ്ഞ മാസമാണ് ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ജയിലിൽ കഴിയുന്ന കൊണ്ടോട്ടി സ്വദേശി ആഷിഖിൻ്റെ വീട്ടിൽ നിന്നും പൊലീസ് 1665 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. 40 പൊതികളിലായാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ഒമാനിൽ നിന്ന് ചെന്നൈ വിമാനത്താവളം വഴി എത്തിച്ചതായിരുന്നു പിടികൂടിയ എംഡിഎംഎ. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ആഷിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിലൂടെയാണ് ലഹരിക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട് കൂടുതൽ പേരെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ, ഗോവയിൽ നിന്ന് മടങ്ങി വരികയായിരുന്ന മുഹമ്മദ് സനിലിനു വേണ്ടി പൊലീസ് വല വിരിച്ചിരുന്നു. പിടിയിലായ നാഫിദിൻ്റെ പേരിൽ വേങ്ങര സ്റ്റേഷനിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ട്.
ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. വിദേശ പൗരന്മാരടക്കം കൂടുതൽ പേർ ലഹരിക്കടത്ത് സംഘത്തിലുണ്ടെന്നാണ് പൊലീസിൻ്റെ നിഗമനം. ഇരുവരെയും ചോദ്യം ചെയ്യുന്നതിലൂടെ വിദേശത്തുനിന്ന് എംഡിഎംഎ എത്തിക്കുന്ന മയക്കുമരുന്ന് മാഫിയകളിലേക്ക് എത്താനാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
Kozhikode natives arrested in drug bust
