കോഴിക്കോട്: ( www.truevisionnews.com ) പാക്കിസ്ഥാൻ പൗരത്വമുള്ളവർ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു നൽകിയ നോട്ടീസ് പിൻവലിക്കാൻ തീരുമാനിച്ച് കോഴിക്കോട് പൊലീസ്. ഉന്നത നിർദേശത്തെ തുടർന്നാണ് തീരുമാനമെന്നാണ് വിവരം. മൂന്ന് പേർക്കാണ് കോഴിക്കോട് റൂറൽ പൊലീസ് പരിധിയിൽ ഇത്തരത്തിൽ നോട്ടീസ് നൽകിയിരുന്നത്.

78 വയസുകാരനും ഹൃദ്രോഗിയുമായ കൊയിലാണ്ടി സ്വദേശി ഹംസ ഉൾപ്പെടെ ഉള്ളവർക്കായിരുന്നു നോട്ടീസ് ലഭിച്ചത്. ഒറ്റയ്ക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത ഹംസയുടെ സാഹചര്യം വലിയ വാർത്തയായിരുന്നു.
ഇതിന് പിന്നാലെയാണ് നോട്ടീസ് പിൻവലിക്കാൻ ഉന്നത നിർദ്ദേശമെത്തിയതെന്നാണ് വിവരം. ഉടൻ നോട്ടീസ് പിൻവലിക്കുമെന്ന് പൊലീസ് വിവരിച്ചിട്ടുണ്ട്. ലോങ്ങ് ടൈം വിസ ഉള്ളവരോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തെന്നാണ് പൊലീസ് പറയുന്നത്.
സർക്കാർ നിർദ്ദേശ പ്രകാരമുള്ള നടപടികൾ മാത്രമേ ഇക്കാര്യത്തിൽ സ്വീകരിക്കുകയുള്ളു എന്നും കോഴിക്കോട് പൊലീസ് വ്യക്തമാക്കിയിരുന്നു.
പിറന്ന മണ്ണിൽ തന്നെ മരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് രാജ്യം വിട്ട് പോകണമെന്ന നോട്ടീസ് ലഭിച്ച പാക് പൗരത്വമുള്ള കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഹംസ. ജോലി ആവശ്യാർത്ഥമാണ് 1965ൽ പാക്കിസ്ഥാനിൽ പോയതെന്നും 1971 ൽ യുദ്ധം കഴിഞ്ഞ ശേഷം തിരികെ വരാനാകാതിരുന്നതോടെ പാകിസ്ഥാൻ പാസ്പോർട്ട് എടുക്കുകയായിരുന്നുവെന്നും ഹംസ പറയുന്നു.
"ജോലി ആവശ്യാർത്ഥമാണ് 1965ൽ കൊൽക്കത്തിൽ നിന്നും അന്നത്തെ ഈസ്റ്റ് പാക്കിസ്ഥാനിലേക്ക് (ഇന്നത്തെ ബംഗ്ലാദേശ് ) പോയത്. ധാക്കയിൽ നിന്നും കറാച്ചിയിൽ ജോലി ചെയ്യുകയായിരുന്ന മൂത്ത ജേഷ്ഠന്റെ അടുത്തേക്ക് പോയി. അതിന് ശേഷം നാട്ടിലേക്ക് വരികയും പോകുകയും ചെയ്യാറുണ്ടായിരുന്നു.
1971 ൽ ഇന്ത്യ-പാക് യുദ്ധം കഴിഞ്ഞ ശേഷം യാത്ര ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടായി. തിരിച്ച് വരാൻ പറ്റാത്ത സ്ഥിതിയായപ്പോൾ അവിടത്തെ പാസ്പോർട്ട് എടുത്തു. പിന്നീട് നാട്ടിലേക്ക് വന്നു. 2007 മുതൽ കേരളത്തിൽ സ്ഥിര താമസമാണ്. മക്കൾക്കും കുടുംബത്തിനും ഒപ്പമാണ് ഇപ്പോൾ കൊയിലാണ്ടിയിൽ താമസിക്കുന്നത്.
പിറന്ന മണ്ണിൽ തന്നെ മരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഹൃദ്രോഗിയായതിനാൽ വീടിന് പുറത്തേക്ക് പോലും ഒറ്റക്ക് പോകാൻ കഴിയില്ല. പിന്നെങ്ങനെ പാകിസ്താനിലേക്ക് പോകുമെന്നും ഹംസ ചോദിക്കുന്നു".
പാക് പാസ്പോർട്ടുള്ള ഹംസ 2007 മുതൽ കേരളത്തിൽ സ്ഥിര താമസമാണ്. 2007 മുതല്‍ ഹംസ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിട്ടില്ല. നിലവിൽ 2 വർഷം താമസിക്കാനുളള അനുമതി ലഭിച്ച രേഖകളാണ് ഹംസയുടെ കൈവശമുള്ളത്.
KozhikodeRuralPolice withdraws notice Pakistani nationals leave country highlevel directive
