ബംഗളുരു: ( www.truevisionnews.com ) നിയന്ത്രണംവിട്ട ബൈക്ക് ഫ്ലൈ ഓവറിന്റെ പാർശ്വഭിത്തിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

25 അടിയോളം ഉയരമുള്ള ഫ്ലൈ ഓവറിൽ നിന്ന് ഇരുവരും താഴേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബംഗളുരുറിച്ച്മണ്ട് റോഡിൽ വ്യാഴാഴ്ച പുലർച്ചെ 3.45നായിരുന്നു അപകടം.
ബേഗൂർ റോഡ് വിശ്വപ്രിയനഗർ സ്വദേശിയായ ശ്രേയസ് പാട്ടിൽ (19) ആണ് മരിച്ചത്. സുഹൃത്തായ അക്ഷയനഗർ സ്വദേശി കെ ചേതൻ പരിക്കുകളോടെ ആശുപത്രിയിലാണ്. ബി.കോം വിദ്യാർത്ഥിയായ ശ്രേയസാണ് പുലർച്ചെ വാഹനം ഓടിച്ചത്.
ഇരുവരും എവിടേക്കാണ് പോയതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. റെസിഡൻസി റോഡിലേക്കുള്ള ദിശയിൽ സഞ്ചരിക്കവെ ഫ്ലൈ ഓവറിന്റെ ഭിത്തിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ രണ്ട് പേരും ഫ്ലൈ ഓവറിന് ചുവടെയുള്ള റോഡിലേക്ക് തെറിച്ചുവീണു. ബൈക്ക് ഫ്ലൈ ഓവറിൽ തന്നെയാണ് കിടന്നിരുന്നത്. മകൻ എവിടെ പോയതാണെന്ന് അറിയില്ലെന്ന് ശ്രേയസിന്റെ പിതാവും സ്വകാര്യ കമ്പനി ജീവനക്കാരനുമായ ശിവനന്ദ പാട്ടീൽ പറഞ്ഞു.
താൻ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാനായി വൈകുന്നേരം വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്നും മകൻ എപ്പോഴാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും ഒരു സുഹൃത്തിനെ സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്നു എന്നാണ് പൊലീസിന്റെ അനുമാനം.
#Outofcontrol #bike #flyover #accident #student #death
