ഹൈദരാബാദ്: ( www.truevisionnews.com ) ഏപ്രിൽ 26ലെ വെള്ളിയാഴ്ച പ്രാർഥനക്കിടെ കറുത്ത ബാൻഡണിഞ്ഞ് എത്തണമെന്ന് ആൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ഭീകരാക്രമണത്തിന്റെ ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കറുത്ത ബാൻഡണിഞ്ഞ് എത്തണമെന്നാണ് ഉവൈസി ആവശ്യപ്പെട്ടിരിക്കുന്നത്.

വിദേശ ശക്തികൾക്ക് ഇന്ത്യയുടെ സമാധാനത്തേയും ഐക്യത്തേയും തകർക്കാൻ കഴിയില്ലെന്ന സന്ദേശംനൽകാൻ പ്രതിഷേധം കൊണ്ട് സാധിക്കും. ആക്രമണത്തിലൂടെ കശ്മീരി സഹോദരൻമാരെയാണ് ഭീകരർ ലക്ഷ്യംവെച്ചത്. അവരുടെ കെണിയിൽ ഒരു ഇന്ത്യക്കാരനും വീഴതരുതെന്ന് അദ്ദേഹം പറഞ്ഞു.
ഉറിയിലും പുൽവാമയിലും ഉണ്ടായ സമാന സംഭവങ്ങളേക്കാൾ അപകടകരവും അപലപനീയവും വേദനാജനകവുമാണ് പഹൽഗാം ഭീകരാക്രമണമെന്ന് ഉവൈസി വാർത്താ ഏജൻസി എ.എൻ.ഐയോട് പ്രതികരിച്ചിരുന്നു. ഭീകരരെ കേന്ദ്രസർക്കാർ പാഠം പഠിപ്പിക്കുമെന്നും ഇരകളുടെ കുടുംബങ്ങൾക്ക് എത്രയും വേഗം നീതി ഉറപ്പാക്കുമെന്നും കരുതുന്നതായി ഉവൈസി വ്യക്തമാക്കി.
മതം ചോദിച്ചാണ് പാവപ്പെട്ട ജനങ്ങളെ ഭീകരർ കൊലപ്പെടുത്തിയത്. സംഭവത്തെ ശക്തിയായി അപലപിക്കുന്നു. സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കരുതുന്നു. ഇന്‍റലിജൻസ് പരാജയവും ഗൗരവതരമായ കാര്യമാണെന്നും കേന്ദ്ര സർക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും ഉവൈസി ചൂണ്ടിക്കാട്ടി.
മോദി സർക്കാർ തങ്ങളുടെ പ്രതിരോധനയം എത്രമാത്രം വിജയിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കണം. അയൽരാജ്യത്ത് നിന്ന് വന്ന ഭീകരരുടെ ലക്ഷ്യം ഭീകരത പ്രചരിപ്പിക്കുകയും ഇന്ത്യയിലെ നിരപരാധികളെ കൊല്ലുകയും ചെയ്യുക എന്നതാണ്.
ഇതൊരു വേദനാജനകമായ സംഭവവും കൂട്ടക്കൊലയുമാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം എ.ഐ.എം.ഐ.എം നിലകൊള്ളുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. കശ്മീരിലെ ടൂറിസം വ്യവസായത്തെ തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഉവൈസി കൂട്ടിച്ചേർത്തു.
#asaduddinowaisi #blackarmband #protest #fridayprayers
