വാടാനപ്പള്ളി: (www.truevisionnews.com) മയക്കുമരുന്ന് വിപണന കേസിലെ പ്രതിയെ ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരം ഒരു വർഷത്തേക്ക് തടങ്കലിലാക്കി. അണ്ണല്ലൂർ ഗുരുതിപ്പാല കോട്ടുകര വീട്ടിൽ വിശാലിനെയാണ് (35) തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം അറസ്റ്റ് ചെയ്തത്.

പി.ഐ.ടി എൻ.ഡി.പി.എസ് (പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നാർകോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) ആക്ട് പ്രകാരം തൃശൂർ റൂറൽ പൊലീസ് ജില്ല പരിധിയിൽ ഈവർഷം ആദ്യത്തെ കരുതൽ തടങ്കലാണിത്.
മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വിൽക്കുന്നവർക്കെതിരെ തടങ്കലും സ്വത്ത് കണ്ടുകെട്ടലും സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന വിശാലിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.
ലഹരി കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികയായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വെക്കാനും ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുമുള്ള നിയമപ്രകാരമാണ് അറസ്റ്റ്. വിശാൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് നിരോധിത മയക്കുമരുന്നുകളും ലഹരി വസ്തുക്കളും മറ്റും ജില്ലയിൽ എത്തിച്ച് ചില്ലറ വിൽപന നടത്തുന്നയാളാണ്.
ഇയാൾക്കെതിരെ 2015ൽ മാള പൊലീസ് സ്റ്റേഷൻ പരിധിയിൽ 85 പൊതി കഞ്ചാവ് കടത്തിയതിനും 2022ൽ വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് കിലോഗ്രാം ഹാഷിഷ് ഓയിൽ കടത്തിയതിനും 2024 ൽ വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ 73 ഗ്രാം മെറ്റാംഫിത്തമിനും 3.533 കിലോഗ്രാം കഞ്ചാവും .003 ഗ്രാം ഹാഷിഷ് ഓയിലും കടത്തിയതിനും കേസുണ്ട്.
മാള, ചാലക്കുടി, കൊടകര പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം, വീട് കയറി ആക്രമണം, അടിപിടി തുടങ്ങി 27 ക്രമിനൽ കേസുകളിൽ പ്രതിയാണ്. കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്.
വാടാനപ്പള്ളി പൊലീസ് ഇന്സ്പെക്ടര് ബി.എസ്. ബിനു, സബ് ഇൻസ്പെക്ടർ ശ്രീലക്ഷ്മി, എസ്.സി.പി.ഒമാരായ സുരേഖ്, അഖിലേഷ് എന്നിവരാണ് നിയമ നടപടി സ്വീകരിച്ചത്.
#Drugtrafficking #First #arrest #district #under #speciallaw
