ശ്രീനഗർ: ( www.truevisionnews.com ) ‘‘ഇന്നലെ ആക്രമണം നടക്കുന്നതിന് തൊട്ടുമുൻപുവരെ സംഭവ സ്ഥലത്തുതന്നെ ഞങ്ങൾ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കാനായി അവിടെ നിന്ന് മാറിയപ്പോഴാണ് ആക്രമണം നടക്കുന്നത്.

തിരികെ എത്തുമ്പോഴേക്കും വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനായി സൈനിക ഉദ്യോഗസ്ഥരും പൊലീസും നാലുപാടും ഓടുന്നതും ഹെലികോപ്ടറുകൾ വട്ടമിട്ടു പറക്കുന്നതും സഞ്ചാരികൾ ചിതറി ഓടുന്നതുമുൾപ്പെടെ ആകെ കലുഷിതമായ അന്തരീക്ഷമായിരുന്നു അവിടെ. അപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുന്നതും വിവരങ്ങൾ അറിയുന്നതും.’’ – ആക്രമണം നടക്കുന്ന സമയത്ത് പഹൽഗാമിൽ ഉണ്ടായിരുന്ന മലയാളിയായ അബു താഹിർ പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎയുടെ സഹോദരിയുടെ മകനാണ് അബു താഹിർ.
‘‘പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനായി ആംബുലൻസുകളും മറ്റും ഇവിടേക്ക് വളരെ വേഗത്തിൽ എത്തുന്നുണ്ടായിരുന്നു. അതിനൊപ്പം പ്രദേശവാസികളായ ടൂറിസ്റ്റ് ഗൈഡുകളും മറ്റും പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റാൻ എല്ലാ പിന്തുണയും ഉറപ്പാക്കുന്നുണ്ടായിരുന്നു. ശ്രീനഗറിലും പരിസരത്തും ഇപ്പോൾ സ്ഥിതിഗതികൾ സുരക്ഷിതമാണ്.
സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. വഴിയിൽ എല്ലായിടത്തും പരിശോധനയുമുണ്ട്. സാധാരണ ഗതിയിൽ പഹൽഗാമിൽ നിന്ന് ശ്രീനഗറിലേക്ക് എത്താൻ 3 മണിക്കൂറാണ് വേണ്ടത്. എന്നാൽ ഇപ്പോൾ എത്തുന്ന ദൂരം പിന്നിടാൻ വേണ്ടിവന്നത് 6 മണിക്കൂറോളമാണ്. അത്ര കനത്ത പരിശോധനകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഞാനും ഭാര്യയും 3 കുട്ടികളും ഉൾപ്പെടുന്ന കുടുംബം 25 വരെയാണ് വിനോദയാത്ര തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനാണ് ശ്രമിക്കുന്നത്.’’ – അബു താഹിർ പറഞ്ഞു.
#jammukashmir #pahalgamattack
