ബെംഗളൂരു: (truevisionnews.com) മുൻ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകത്തിലേയ്ക്ക് നയിച്ചത് സ്വത്തു തർക്കമാണെന്ന് അന്വേഷണ സംഘം. ഉത്തര കന്നഡ ജില്ലയിലെ സ്വത്തുക്കൾ ഓം പ്രകാശ് സഹോദരിക്ക് ഇഷ്ടദാനം നൽകിയതിന്റെ പേരിൽ കുടുംബത്തിൽ വഴക്കുണ്ടായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

മകൻ കാർത്തികേഷിന്റെ പേരിൽ ബാക്കി സ്വത്തുക്കൾ എഴുതിയതും തർക്ക വിഷയമായെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. അതേസമയം കൊലപാതകം നടക്കുമ്പോൾ മകൾ വീടിന്റെ മൂന്നാം നിലയിൽ ആയിരുന്നുെവെന്നും പിന്നീട് താഴേക്ക് ഇറങ്ങി വന്നപ്പോൾ അമ്മ കൃത്യം നടത്തി മാറിയിരിക്കുന്നതാണ് കണ്ടതെന്നും മകൾ പറഞ്ഞു.
ഓം പ്രകാശിനെ കുത്തിപരിക്കേൽപ്പിച്ച ശേഷം ഇയാൾ പിടഞ്ഞു മരിക്കുന്നത് പല്ലവിയും മകൾ കൃതിയും നോക്കിയിരുന്ന് കണ്ടുവെന്നും കുടുംബം മൊഴി നൽകിയിട്ടുണ്ട്. പൊലീസെത്തിയിട്ടും വാതിൽ തുറക്കാഞ്ഞത് മരണം ഉറപ്പാക്കാൻ വേണ്ടി ആയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഓംപ്രകാശിന്റെ മരണത്തിൽ മകളുടെ അറസ്റ്റും ഉടൻ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഞായറാഴ്ച ഉച്ചയോടെയാണ് ഓം പ്രകാശിനെ വീട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്. വിരമിച്ച മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വീഡിയോകോള്‍ ചെയ്ത് താന്‍ 'ആ പിശാചിനെ കൊന്നു' എന്ന് പല്ലവി പറഞ്ഞിരുന്നു.
അങ്ങനെയാണ് ഈ കൊലപാതക വിവരം പുറം ലോകം അറിയുന്നത്. അതേസമയം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഓം പ്രകാശ് നേരത്തെ ചില അടുത്ത സുഹൃത്തുക്കളോട് ആശങ്ക പ്രകടിപ്പിച്ചിരുന്നതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
#investigation #team #property #dispute #led #murder #former #DGP #OmPrakash.
