തിരുവാഭരണം പണയംവച്ച പണം ഓഹരിവിപണിയിൽ, രാമചന്ദ്രൻ പോറ്റിയെ കുടുക്കിയത് മൊബൈൽ ഒടിപി

തിരുവാഭരണം പണയംവച്ച പണം ഓഹരിവിപണിയിൽ, രാമചന്ദ്രൻ പോറ്റിയെ കുടുക്കിയത് മൊബൈൽ ഒടിപി
Apr 18, 2025 11:56 AM | By Susmitha Surendran

ആലപ്പുഴ : (truevisionnews.com) എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിലെ 20 പവന്റെ തിരുവാഭരണങ്ങൾ മോഷ്ടിച്ച് കടന്നുകളഞ്ഞ കീഴ്‌ശാന്തി കൊല്ലം ഈസ്റ്റ് കല്ലട രാംനിവാസിൽ രാമചന്ദ്രൻ പോറ്റി അറസ്റ്റിലായത് എറണാകുളം ശിവക്ഷേത്രത്തിന് സമീപത്തുനിന്ന്.

വിഷുദിവസം വിഗ്രഹത്തിൽ ചാർത്താൻ ക്ഷേത്രം അധികൃതർ നൽകിയ തിരുവാഭരണങ്ങളുമായാണ് രാമചന്ദ്രൻ പോറ്റി കടന്നുകളഞ്ഞത്. 15 പവന്റെ ആഭരണങ്ങൾ ഫെഡറൽ ബാങ്കിന്റെ തേവര ശാഖയിൽ പ്രതി പണയപ്പെടുത്തിയെന്നും ഇതിലൂടെ ലഭിച്ച 7 ലക്ഷം രൂപ ഓഹരി വിപണിയിൽ നിക്ഷേപിച്ചെന്നും പൊലീസ് കണ്ടെത്തി .

ബാങ്ക് ജീവനക്കാർക്ക് സംശയം തോന്നാതിരിക്കാൻ 5 പവൻ വരുന്ന കിരീടം രാമചന്ദ്രൻ പോറ്റി പണയപ്പെടുത്തിയില്ല. ഇത് പ്രതിയിൽ നിന്നു അരൂർ പൊലീസ് കണ്ടെടുത്തു.

ക്ഷേത്രത്തിൽ ആകെയുണ്ടായിരുന്ന 23.5 പവന്റെ തിരുവാഭരണത്തിൽ 3.5 പവൻ മോഷണം പോയിരുന്നില്ല. എന്നാൽ ഇതു മുക്കുപണ്ടമാണെന്നു പൊലീസ് നടത്തിയ പരിശോധനയിൽ തെളിഞ്ഞു. ഈ ആഭരണം രാമചന്ദ്രൻ പോറ്റി നേരത്തെ മോഷ്ടിച്ച് ഫെഡറൽ ബാങ്കിന്റെ കുമ്പളങ്ങി ശാഖയിൽ പണയം വച്ച ശേഷം ഇതേ മാതൃകയിലുള്ള മുക്കുപണ്ടം നിർമിച്ച് ക്ഷേത്രം ഭാരവാഹികൾക്കു നൽകുകയായിരുന്നുവെന്നു പൊലീസ് കണ്ടെത്തി.

വിഷു ഉത്സവത്തോടനുബന്ധിച്ച് വിഗ്രഹത്തിൽ ചാർത്താൻ 13ന് രാത്രിയാണു കിരീടവും മാലകളും അടങ്ങുന്ന ആഭരണങ്ങൾ ക്ഷേത്രം ദേവസ്വം അധികൃതർ രാമചന്ദ്രൻ പോറ്റിക്കു കൈമാറിയത്. 14ന് ഉച്ചപ്പൂജയ്ക്കു ശേഷം ആഭരണങ്ങൾ തിരികെ ദേവസ്വത്തിൽ എത്തിക്കാൻ ദേവസ്വം അധികൃതർ പറഞ്ഞിരുന്നെങ്കിലും വൈകിട്ട് നൽകാമെന്ന് പറഞ്ഞ രാമചന്ദ്രൻ പോറ്റി പിന്നീട് ഇതുമായി മുങ്ങ‌ി.

വൈകിട്ട് പൂജ നടത്തുന്നതിനു മറ്റൊരു ശാന്തിയെത്തിയപ്പോഴാണ് ആഭരണങ്ങൾ മോഷണം പോയ വിവരം അറിയുന്നത്. ക്ഷേത്രം ഭാരവാഹികൾ ഉടൻ അരൂർ പൊലീസിൽ പരാതി നൽകി.

14ന് വൈകിട്ട് നാലിനു ശേഷം രാമചന്ദ്രൻ പോറ്റിയുടെ മൊബൈൽ സ്വിച്ച് ഓഫ‌ായെങ്കിലും 15ന് രാവിലെ അൽപസമയം തേവര ഭാഗത്തു വച്ച് ഫോൺ പ്രവർത്തിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

സ്വർണം പണയം വയ്ക്കാൻ ബാങ്കിൽ എത്തിയ പ്രതി ഇതിനായി വന്ന ഒടിപി നോക്കാനാണ് ഫോൺ ഓൺ ആക്കിയത്. ഇതോടെ പ്രതി എറണാകുളത്ത് ഉണ്ടെന്ന് തീർച്ചയാക്കിയ പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ കുടുങ്ങി. രാമചന്ദ്രൻ പോറ്റിയെ ഇന്നു കോടതിയിൽ ഹാജരാക്കും.




#alappuzha #ezhupunna #temple #robbery #priest #arrested #gold #recovered

Next TV

Related Stories
Top Stories