മീററ്റ്: ( www.truevisionnews.com) പാമ്പുകടിയേറ്റെന്ന് കരുതിയ യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. അമിത് എന്ന യുവാവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.

ഭാര്യ രവിതയും കാമുകനും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാൻ പാമ്പുകടിയേറ്റുള്ള മരണമായി ചിത്രീകരിക്കുകയായിരുന്നു.
മീററ്റിലെ ഭൈൻസുമ പൊലീസ് സ്റ്റേഷൻ പരിധിയിലെ അക്ബർപൂർ സാദത്ത് ഗ്രാമത്തിലാണ് സംഭവം. കട്ടിലിൽ ഉറങ്ങിക്കിടന്ന അമിതിനെ പത്ത് തവണ പാമ്പ് കടിച്ചെന്ന് പറയുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അമിത് കിടന്ന കട്ടിലിൽ പാമ്പിനെ കണ്ടെത്തിയതോടെ യുവാവിന്‍റെ മരണം പാമ്പ് കടിയേറ്റിട്ടാണെന്ന് എല്ലാവരും കരുതി. വിഷബാധയേറ്റല്ല ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
മരണ ശേഷമാണ് പാമ്പിനെ കട്ടിലിൽ ഇട്ടത് എന്നതിനാൽ ശരീരത്തിൽ വിഷബാധയേറ്റിരുന്നില്ല. കൊലപാതകമാണെന്ന് വ്യക്തമായതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി.
അമിതിന്‍റെ ഭാര്യ രവിതയെയും കാമുകൻ അമർജിത്തിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഒരു വർഷത്തോളമായി ബന്ധമുണ്ടെന്ന് ഇരുവരും സമ്മതിച്ചു. അമിതിന് ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു, ഇത് പലപ്പോഴും വഴക്കിന് കാരണമായി. ഇതാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ ഇരുവരെയും പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
അമിതിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, പാമ്പ് കടിച്ചതായി വരുത്തി തീർക്കാൻ ഇരുവരും ശ്രമിക്കുകയായിരുന്നു. പ്രതികൾ പ്രദേശത്തെ ഒരു പാമ്പാട്ടിയിൽ നിന്ന് 1000 രൂപയ്ക്ക് പാമ്പിനെ വാങ്ങുകയായിരുന്നുവെന്ന് എസ്പി രാകേഷ് കുമാർ പറഞ്ഞു.
തുടർന്ന് പാമ്പ് കടിയേറ്റുള്ള മരണമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ചില വീഡിയോകളും ചിത്രീകരിച്ചു. ഇതാണ് 10 തവണ പാമ്പ് കടിയേറ്റുള്ള മരണം എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
#snake #Death #youngman #who #bitten #snake #turnsout #murder
