മുംബൈ: ( www.truevisionnews.com ) മനുഷ്യന്റെ പല്ലുകളെ മാരക ആയുധമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈകോടതി. ഭർത്താവിന്‍റെ സഹോദരി കടിച്ച് പരിക്കേൽപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. പല്ലിലെ പാടുകൾ മൂലമുള്ള ചെറിയ മുറിവുകൾ മാത്രമാണെന്ന് പരാതിക്കാരിയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിക്കുന്നതെന്ന് ഹൈകോടതിയുടെ ഔറംഗാബാദ് ബെഞ്ചിലെ ജസ്റ്റിസുമാരായ വിഭ കങ്കൻവാടി, സഞ്ജയ് ദേശ്മുഖ് എന്നിവർ ഏപ്രിൽ നാലിലെ ഉത്തരവിൽ വ്യക്തമാക്കി.

2020 ഏപ്രിലിൽ സമർപ്പിച്ച എഫ്.ഐ.ആർ പ്രകാരം, ഒരു വഴക്കിനിടെ യുവതിയുടെ ഭർത്താവിന്‍റെ സഹോദരീ യുവതിയെ കടിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തതായി പറയുന്നു. അപകടകരമായ ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവിക്കുക, വേദനിപ്പിക്കുക, പരിക്കേൽപ്പിക്കുക എന്നീ കുറ്റങ്ങൾക്ക് ഇന്ത്യൻ ശിക്ഷ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്.
"മനുഷ്യ പല്ലുകൾ അപകടകരമായ ആയുധമാണെന്ന് പറയാനാവില്ല" -എന്ന് പ്രതിയുടെ ഹരജി അനുവദിച്ചുകൊണ്ട് എഫ്.ഐ.ആർ റദ്ദാക്കിയ ശേഷം കോടതി വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 324 പ്രകാരം കുറ്റകൃത്യം നിലനിൽക്കണമെങ്കിൽ, മരണമോ ഗുരുതരമായ പരിക്കോ ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു ഉപകരണം ഉപയോഗിച്ചായിരിക്കണം മുറിവേൽപ്പിക്കേണ്ടതെന്ന് ഹൈകോടതി നിരീക്ഷിച്ചു.
സെക്ഷൻ 324 പ്രകാരമുള്ള കുറ്റകൃത്യം തെളിയിക്കപ്പെടാത്തപ്പോൾ പ്രതിയെ വിചാരണ നേരിടാൻ നിർബന്ധിക്കുന്നത് നിയമ പ്രക്രിയയുടെ ദുരുപയോഗമാകുമെന്ന് ഹൈകോടതി പറഞ്ഞു. പ്രതിയും പരാതിക്കാരിയും തമ്മിൽ സ്വത്ത് തർക്കം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
#human #teeth #cant #classified #sangerous #weapon #rules #bombay #hc #assault #case
