കൊല്ലം : (www.truevisionnews.com) കൈവിരലിലെ മോതിരങ്ങള്‍ക്ക് മുകളിലൂടെ മാംസം വളർന്ന് ചികിത്സ തേടിയ യുവാവിന് രക്ഷകരായി അഗ്‌നിരക്ഷാസേന. വിരൽ മുറിച്ചുമാറ്റാതെ രക്ഷയില്ലെന്ന് കണ്ടിടത്താണ് അഗ്നിരക്ഷാസേനയുടെ ഇടപെടൽ.

കൊല്ലം സ്വദേശി രതീഷ് കുറേയേറെ വർഷങ്ങളായി സ്റ്റീൽ മോതിരങ്ങളും സ്റ്റീൽ സ്പ്രിങ് മോഡൽ മോതിരവും ഇടതുകൈവിരലിൽ ഉപയോഗിച്ചുവരികയായിരുന്നു. പല കാലങ്ങളായി മോതിരം ഊരിമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
മോതിരം കൈവിരലിൽ അങ്ങനെ തന്നെ തുടർന്നു. ഇതിനുമുകളിലൂടെ ദശ വളർന്ന് മോതിരം മൂടുന്ന അവസ്ഥയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. കൈവിരൽ മുറിച്ചുമാറ്റാതെ രക്ഷയില്ലെന്നായി ഡോക്ടർമാർ.
അവസാനഘട്ട ശ്രമമെന്ന നിലയിലാണ് മെഡിക്കൽ കോളേജ് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുന്നത്.
തുടർന്ന് വിരലുകൾ മുറിക്കാതെ തന്നെ വളയങ്ങൾ മാംസത്തിന് പുറത്തെടുത്ത് നൽകാമെന്ന് തിരുവനന്തപുരം അഗ്നിരക്ഷാ നിലയത്തിൽ നിന്നുവന്ന സേനാഗംങ്ങൾ വിദഗ്ധ ഡോക്ടർമാർക്ക് ഉറപ്പുനൽകി.
യുവാവിന് അനസ്തേഷ്യ നൽകിയശേഷം ഒന്നര മണിക്കൂറിലേറെ നേരം നടത്തിയ പരിശ്രമത്തിനൊടുവിലാണ് ആറു വളയങ്ങളുള്ള സ്റ്റീൽ സ്പ്രിങ് മോതിരവും മറ്റൊരു മോതിരവും അഗ്നിരക്ഷാ സേന അറുത്തെടുത്തത്.
തിരുവനന്തപുരം അഗ്നിരക്ഷാ നിലയത്തിലെ എഫ്.ആർ.ഒ ഷഹീർ, വിഷ്ണുനാരായൺ, അനീഷ് ജി.കെ, ശ്രീജിത്ത്, എഫ്.ആർ.ഒ അഭിലാഷ് എന്നിവരാണ് ദൗത്യസംഘത്തിലുണ്ടായിരുന്നത്.
#Doctor #say #finger #needs #amputated #flesh #grows #overring #Firefighters #rescue #youngman
