കോയമ്പത്തൂർ : (truevisionnews.com) ടിവി കാണുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്നു കുപ്പി പൊട്ടിച്ചു കുത്തി ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തിൽ മലയാളി യുവാവ് അറസ്റ്റില്‍. ആലുവ മുപ്പത്തടം എരമം പരങ്ങാട്ടി പറമ്പിൽ ജെ.ഷിയാസ് (35) ആണ് കോയമ്പത്തൂർ സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.

മാർച്ച് 25ന് രാത്രി 11 മണിയോടെ പോത്തന്നൂർ ചെട്ടിപാളയം റോഡിലെ ഹാർഡ്‌വെയർ ഷോപ്പിന്റെ വിശ്രമമുറിയിലാണ് സഹഡ്രൈവറായ ഡിണ്ടിഗൽ മണിയാറമ്പട്ടി സ്വദേശി ആർ. ആറുമുഖത്തെ (35) കുത്തിക്കൊന്നത്.
ബിയർ ബോട്ടിൽ പൊട്ടിച്ചു കുത്തിയതിനെത്തുടർന്ന് തലയിലും വയറിലും ഗുരുതരമായി പരുക്കേറ്റു രക്തം വാർന്ന നിലയിലാണ് ആറുമുഖത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ആയിരുന്നു മരണം.
ഇതിനിടെ സംഭവസ്ഥലത്തു നിന്നു കടന്നുകളഞ്ഞ ഷിയാസിനെ പിടികൂടാനായി 3 പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചിരുന്നു. ചൊവ്വാഴ്ച ആലുവയിൽ വച്ചു രാമനാഥപുരം പൊലീസ് സബ് ഇൻസ്പെക്ടർ വസന്തകുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ വിജയകുമാർ, പ്രകാശ് എന്നിവർ അടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
ഷിയാസിനെതിരെ കേരളം, തമിഴ്നാട് എന്നിവിടങ്ങളിലായി 28 ക്രിമിനൽ കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്തതിനുശേഷം കോടതിയിൽ ഹാജരാക്കും.
#Argument #watching #TV #driver #killed #breaking #bottle #Malayali #youth #arrested
