പാലക്കാട്: ( www.truevisionnews.com ) വേടൻ, അഖിൽ മാരാർ, മോഹൻലാൽ എന്നിവരെ ബിജെപി-ആർഎസ്എസ് നേതൃത്വം ഒറ്റദിവസം കൊണ്ട് രാജ്യദ്രോഹികളായി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. എന്താണ് വേടൻ ചെയ്ത രാജ്യദ്രോഹമെന്നും ജാതിവെറിക്കും അസ്‌പൃശ്യതക്കും എതിരായ നിലപാട് ശക്തമായ വരികളിലൂടെ യുവാക്കൾക്കിടയിൽ എത്തിച്ചു. അവരത് ഏറ്റെടുത്തു. സംഘപരിവാറിന് സഹിച്ചില്ലെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.

സന്ദീപ് വാര്യരുടെ കുറിപ്പ്
ഇന്നലെ ഒരു ദിവസം കൊണ്ട് കേരളത്തിലെ ബിജെപി-ആർഎസ്എസ് നേതൃത്വം രാജ്യദ്രോഹികളായി പ്രഖ്യാപിച്ചത് മൂന്ന് കലാകാരന്മാരെയാണ്. വേടൻ, അഖിൽ മാരാർ, മോഹൻലാൽ എന്താണ് വേടൻ ചെയ്ത രാജ്യദ്രോഹം ? ജാതിവെറിക്കും അസ്‌പൃശ്യതക്കും എതിരായ നിലപാട് ശക്തമായ വരികളിലൂടെ യുവാക്കൾക്കിടയിൽ എത്തിച്ചു.
അവരത് ഏറ്റെടുത്തു. സംഘപരിവാറിന് സഹിച്ചില്ല. സ്വാഭാവികമായും ഇഷ്ടമല്ലാത്തവരെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ വച്ച് വേടനെയും അവർ രാജ്യദ്രോഹിയായി പ്രഖ്യാപിച്ചു. രണ്ട് അഖിൽ മാരാരാണ്. തന്‍റേതായ അഭിപ്രായങ്ങൾ വെട്ടി തുറന്നുപറയുന്ന യുവ കലാകാരൻ.
ആരെയും ഭയക്കാത്ത പ്രകൃതമുള്ള അഖില്‍ മാരാർ കേന്ദ്രസർക്കാരിന് മറുപടി പറയാൻ ബുദ്ധിമുട്ടുള്ള , എന്നാൽ രാജ്യത്തെ ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന ചില ചോദ്യങ്ങൾ ചോദിച്ചു. അതോടെ അഖിൽ മാരാരും രാജ്യദ്രോഹിയായി. ബിജെപിയുടെ കൊട്ടാരക്കര മണ്ഡലം കമ്മിറ്റി കാൽപ്പായ കടലാസിൽ പരാതി എഴുതി കൊടുക്കേണ്ട താമസം, പിണറായി വിജയൻ്റെ പൊലീസ് രാജ്യദ്രോഹ കേസെടുത്തു.
മൂന്ന് മോഹൻലാലാണ്. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ മാധ്യമം പത്രത്തിന്‍റെ ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തതാണ് രാജ്യദ്രോഹിയായി പ്രഖ്യാപിക്കാൻ കാരണം. അതും ആർഎസ്എസിന്‍റെ ഔദ്യോഗിക മുഖപത്രം തന്നെയാണ് മോഹൻലാലിനെയും രാജ്യദ്രോഹിയാക്കിക്കളഞ്ഞത്.
സാംസ്കാരിക കേരളത്തോടാണ് എനിക്ക് ചോദിക്കാനുള്ളത്. കേരളത്തിലെ മൂന്ന് കലാകാരന്മാരെ, പൊതുസമൂഹം ഇഷ്ടപ്പെടുന്ന മൂന്നു പേരെ, സംഘപരിവാർ രാജ്യദ്രോഹികൾ എന്ന് മുദ്രകുത്തി വേട്ടയാടുമ്പോൾ നിങ്ങൾക്ക് എങ്ങനെ മൗനമായിരിക്കാൻ സാധിക്കുന്നു ?
മലയാളി യുവതി യുവാക്കളോടാണ് എനിക്ക് പറയാനുള്ളത്.. ബിജെപിയും ആർഎസ്എസും ചിന്തിക്കുന്ന യുവതി യുവാക്കൾക്കെതിരാണ്. അവരുടെ പുതുവഴികൾക്കും സംഗീതത്തിനും എതിരാണ്. വേടനതിരായ സംഘപരിവാർ ആക്രമണം സൂചിപ്പിക്കുന്നത് യുവാക്കൾ രാഷ്ട്രീയം പറയുന്നതുപോലും അവർ ഭയക്കുന്നു എന്നാണ്. അതുകൊണ്ട് ഒറ്റക്കെട്ടായി മലയാളി യുവത ബിജെപിയെയും ആർഎസ്എസിനെയും തള്ളിക്കളയണം.
Mohanlal Vedan Akhil Marar Three artists became traitors single day Sandeep Warrier criticizes BJP-RSS leadership
