(www.truevisionnews.com) വിദ്വേഷവും അക്രമവും അനായാസം സ്ഥാപനവത്കരിക്കപ്പെടുന്ന രാജ്യത്താണ്, അത് ചൂണ്ടിക്കാട്ടുന്ന ആവിഷ്കാരങ്ങൾക്ക് പ്രത്യക്ഷവും പരോക്ഷവുമായ വിലക്കുകൾ വന്നുകൊണ്ടിരിക്കുന്നത്. വർഗീയ പക്ഷത്തിന്റെ നെറികേടുകൾ തുറന്നുകാട്ടുന്നതാണ് ഉള്ളടക്കമെങ്കിൽ, ആ ഉള്ളടക്കത്തെ സ്ഥിരീകരിക്കുന്നതാണ് അതിന് നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും.

ഒരുപക്ഷേ അടുത്തൊന്നും ഒരു മലയാളി പ്രേക്ഷകന് ഒരു മലയാള സിനിമയ്ക്കുവേണ്ടി ഇതുപോലെ കാത്തിരുന്നിട്ടുണ്ടാവില്ല. ഓരോ ദിവസവും എണ്ണിയെണ്ണി കാത്തിരിക്കുകയായിരുന്നു ഒരു ശരാശരി സിനിമാ പ്രേമി. ഒടുവില്‍ റിലീസ് തീയതി പ്രഖ്യാപിച്ച് ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ നേരത്തേപറഞ്ഞ കാത്തിരിപ്പ് അക്ഷമയ്ക്കൊപ്പം വിവാദങ്ങൾക്കും വഴിയൊരുക്കി.
വൻതോതിൽ പ്രതിഷേധവും ഭീഷണിയും തുടങ്ങി. സിനിമ റെക്കോഡ് പ്രേക്ഷകസാന്നിധ്യത്തിൽ ഓടിത്തുടങ്ങി മൂന്നാം ദിവസം അതിൽ ‘സ്വമേധയാ ഉള്ള മോഡിഫിക്കേഷൻ’ വരുത്താൻ നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നു.
ഇത് ഒരു ഓർമപ്പെടുത്തലാണ്. ചരിത്രം മറച്ചു പിടിക്കാൻ ഉള്ളതോ വളച്ചൊടിക്കാനുള്ളതോ അല്ലെന്ന ഓർമപ്പെടുത്തൽ. അതുകൊണ്ടാണ് ചിലരെ 'എമ്പുരാൻ' അസ്വസ്ഥപ്പെടുത്തുന്നത്. ചിലരെയല്ല സംഘ പരിവാറിനെ. അക്കൂട്ടരെ അസ്വസ്ഥപ്പെടുത്തുന്നത് സ്വാഭാവികം മാത്രം.
'എമ്പുരാൻ' പുറത്തിട്ടത് പതിറ്റാണ്ടുകൾക്ക് മുൻപുള്ള ഹിന്ദുത്വ ഭീകരതയുടെ ചരിത്രമാണ്. ഗുജറാത്ത് വംശ ഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘപരിവാർ കോപ്പുകളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതോടെ സിനിമ ബഹിഷ്കരിക്കാനുള്ള ആഹ്വാനവും ഉണ്ട്.
'ബാബു ബജ്രംഗി' എന്ന ഭീകരനെ ചരിത്ര ബോധമുള്ളവർ മറക്കില്ല.....! രണ്ട് പതിറ്റാണ്ടിലധികം വിശ്വ ഹിന്ദു പരിഷത്തിന്റെയും, ശിവസേനയുടെയും, ബജരംഗ് ദള്‍ ന്റെയും, ഗുജറാത്ത് ഘടകത്തിന്റെയും നേതാവായിരുന്നു അവർ.
2007 ൽ തെഹൽക്ക ജേർണൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷൻ നാം മറക്കില്ല. ആ ഓപ്പറേഷനിലൂടെ പുറത്തായ ബജ്രംഗിയുടെ ഭീകര മുഖം ഇന്ത്യ കണ്ടതാണ്. 2002 ഫെബ്രുവരി 27ന് ആരംഭിച്ച ഗുജറാത്ത് കലാപത്തെത്തുടർന്നുണ്ടായ നരോദ പാട്യ വംശഹത്യയുടെ സൂത്രധാരനായ ബാബു പട്ടേൽ മുസ്ലിംങ്ങളെ കൊന്നാടുക്കിയതിനെ വിശദീകരിക്കുന്നുണ്ട്.
'സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കിയപ്പോൾ നന്നായി ആസ്വദിച്ചു. വീട്ടിൽ വന്നു സുഖമായി ഉറങ്ങി. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി തന്നെ ജയിലിൽ നിന്നിറക്കാൻ ഏർപ്പാട് ചെയ്തെന്ന് അറിയിച്ച് സന്ദേശം നൽകിയതും' അയാൾ തുറന്നുപറയുന്നുണ്ട്.
2012 ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ബാബു ബജ്രംഗിന് നിരന്തരം ജാമ്യവും ഇളവുകളും നൽകി. എമ്പുരാൻ സിനിമക്കെതിര സംഘപരിവാർ നടത്തുന്ന വിദ്വേഷ പ്രചാരണത്തിലെ കാരണങ്ങളിലൊന്നാണ് ബാബു ബജ്രംഗി തീവ്രഹിന്ദുത്വവാദിക്ക് സമാനമായ ബജ്രംഗിയെന്ന സിനിമയിലെകഥാപാത്രം.
ആ മുഖമാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിനുള്ള ജനങ്ങൾ എമ്പുരാനിലൂടെ കണ്ടുകൊണ്ടിരിക്കുന്നത്.
ചിത്രത്തിലെ 17 ഭാഗങ്ങൾ വെട്ടിക്കളയുമത്രെ. ബാബ ബജ്റംഗി എന്ന പ്രധാന വില്ലന്റെ പേര് ഒഴിവാക്കും. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഒഴിവാക്കിയേക്കും. ഗർഭിണിയെ ഉപദ്രവിക്കുന്നത്, മുസ്ലിംകൾക്ക് അഭയം നൽകിയ നാട്ടുറാണിയെ കൊല്ലുന്നത്, ജാതി അധിക്ഷേപം തുടങ്ങിയ രംഗങ്ങൾ വെട്ടിക്കളയും.
ചില സംഭാഷണങ്ങൾ കേൾക്കാതാക്കും. ചുരുക്കത്തിൽ, വലതു വർഗീയവാദികളെ അലോസരപ്പെടുത്തുന്ന ഭാഗങ്ങൾ, അതിനെപ്പറ്റിയുള്ള സിനിമയിൽനിന്ന് നീക്കം ചെയ്യും. ‘ചെയ്യുന്നതല്ല അതിനെപ്പറ്റി പറയുന്നതാണ് കുറ്റ’മെന്ന വികലനീതി തുറന്നുകാട്ടുകയാണിവിടെ.
ആൾക്കൂട്ടങ്ങളുടെയും നിക്ഷിപ്ത താൽപര്യക്കാരുടെയും സമ്മർദത്തിന് വിധേയമായി ഉള്ളടക്കം മാറ്റാൻ നിർമാതാക്കൾ തന്നെ തയാറാകുന്നതോടെ, സെൻസറിങ്ങിലെ ന്യായരാഹിത്യം പോലും അദൃശ്യമാക്കപ്പെടും.
ദേശവിരുദ്ധ, സമൂഹവിരുദ്ധ ആവിഷ്കാരങ്ങൾ ഇതേ ശക്തികളുടെ ഒത്താശയിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ‘കശ്മീർ ഫയൽസും’ ‘കേരള സ്റ്റോറി’യും ‘ഛാവ’യും വ്യാപകമായി പ്രദർശിപ്പിച്ചത് സർക്കാറുകളുടെ പരസ്യ പ്രോത്സാഹനത്തോടെയാണ്.
രാഷ്ട്രീയലാഭത്തിനായി സമൂഹത്തിന് ഹാനികരമായ തരത്തിൽ ചരിത്രം വളച്ചൊടിച്ച് പ്രചരിപ്പിക്കപ്പെടുമ്പോൾ സത്യമെന്തെന്ന് പറയുന്ന കലാരൂപങ്ങൾ പ്രോത്സാഹനം അർഹിക്കുന്നതാണ്. വ്യാജം വാഴുന്ന കാലത്ത് നേരുപറയാൻ ചങ്കൂറ്റം വേണം. വ്യാജം പ്രചരിപ്പിക്കുന്നവർക്ക് പിന്തുണ കിട്ടുന്ന ഇന്ത്യയിൽ ‘എമ്പുരാൻ’ പോലെ നേരുപറയുന്നവരാണ് ധീരന്മാർ.
'എമ്പുരാൻ' എന്നത് ഗുജറാത്ത് കലാപത്തിന്റെ ഓർമയിൽ തൊട്ട് ഇന്ത്യൻ രാക്ഷ്ട്രീയവും വിദേശ അധോലോകവും ഉൾപ്പെടെ പരന്നുകിടക്കുന്ന തിരക്കഥയാണ്.
Article by വിപിന്‍ കൊട്ടിയൂര്‍
SUB EDITOR , TRUEVISIONNEWS.COM BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad) PG Diploma Journalism And Communication kerala Media Academy, Kakkanad, Kochi
#you #take #sword #against #person #disappear #cutoff #BabuBajrangi #terrifyingface
