Mar 30, 2025 09:10 PM

കോഴിക്കോട്: ( www.truevisionnews.com) എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ ഖേദം പ്രകടിപ്പിച്ച ചിത്രത്തിലെ നായകന്‍ മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ്. ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പിന് താഴെ ചോദ്യവുമായാണ് സിദ്ധിഖ് രംഗത്തെത്തിയത്. സംഘപരിവാര്‍ വിമര്‍ശനത്തെത്തുടര്‍ന്ന് വെട്ടിമാറ്റുന്ന സീനുകള്‍ക്കൊപ്പം കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ക്കൂടി ഒഴിവാക്കുമോ എന്നാണ് സിദ്ദിഖിന്റെ ചോദ്യം.

'സംഘപരിവാറിന് താല്പര്യമില്ലാത്ത സീനുകള്‍ വെട്ടിമാറ്റി എമ്പുരാന്‍ വരുമ്പോള്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ക്കൂടി വെട്ടിമാറ്റുമോ? ഇല്ല അല്ലേ..! അങ്ങനെ വെട്ടിയാല്‍ മൂന്നു മണിക്കൂര്‍ സിനിമ മൂന്നു മിനുറ്റുള്ള റീല്‍സ് ആയി കാണാം', സിദ്ദിഖ് കുറിച്ചു.

ആര്‍എസ്എസ് ഉള്‍പ്പെടെ സംഘപരിവാര്‍ സംഘടനകളുടെ വിമര്‍ശനങ്ങള്‍ക്കിടെ ചിത്രത്തിലെ ചില ഭാഗങ്ങള്‍ നീക്കാന്‍ നിര്‍മാതാക്കള്‍ത്തന്നെ സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചതായാണ് വിവരം. 17-ഓളം രംഗങ്ങള്‍ നീക്കാനാണ് അനുമതി തേടിയത്. ഇത് മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സ്ഥിരീകരിച്ചിരുന്നു.

'ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടുതന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്, ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍നിന്ന് നീക്കംചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചുകഴിഞ്ഞു', എന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം, ചിത്രത്തേയും അണിയറ പ്രവര്‍ത്തകരേയും പിന്തുണച്ച് കെപിസിസി പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. 'ഇന്ത്യയിലെ മുഴുവന്‍ ഹിന്ദു സമൂഹത്തിനും അപമാനമായി ഗുജറാത്ത് കലാപകാലത്ത് ഹിന്ദു നാമധാരികളായ തീവ്രവാദികള്‍ നടത്തിയ കൊടുംക്രൂരതകള്‍ സിനിമയിലൂടെ ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കിയ എമ്പുരാന്റെ സൃഷ്ടികര്‍ത്താക്കള്‍ക്ക് കെപിസിസിയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു', എന്ന് മോഹന്‍ലാലിന്റെ ഖേദപ്രകടനത്തിന് ശേഷം പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കെ. സുധാകരന്‍ വ്യക്തമാക്കി.









#tsiddique #mohanlal #empuran #bjp #sanghparivar #rss #congress #cpm

Next TV

Top Stories