ഇസ്രായേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മട്ടാഞ്ചേരിയിലെ ജൂതപ്പള്ളിയുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കി. യുദ്ധം തുടങ്ങിയ ഘട്ടത്തില്‍ പള്ളിക്ക് സമീപം പോലീസിനെ നിയോഗിച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളാണ് പള്ളിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പള്ളിക്കകത്തുതന്നെയാണ് സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. 24 മണിക്കൂറും പോലീസ് സാന്നിധ്യവും ഉറപ്പാക്കിയിട്ടുണ്ട്. കൊച്ചി പരദേശി സിനഗോഗ് എന്നറിപ്പെടുന്ന' ജൂതപ്പള്ളി 'ഇന്ത്യയിലെതന്നെ ഏറ്റവും പുരാതനമായ ജൂത ദേവാലയമാണ്. കൊച്ചിയില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തുന്നതും ഇവിടെയാണ്. ലോക ശ്രദ്ധ നേടിയിട്ടുള്ള ഈ സിനഗോഗ് കേന്ദ്രസര്‍ക്കാര്‍ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുള്ള ചരിത്രസ്മാരകമാണ്.
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഈ പള്ളിക്ക് കൂടുതല്‍ സുരക്ഷ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശവുമുണ്ടത്രെ. ഒരു കാലത്ത് ജൂതസമൂഹം കൂട്ടത്തോടെ താമസിച്ചിരുന്ന കേന്ദ്രമാണിത്. അവരുടേതായി രണ്ട് പള്ളികളാണ് ഇവിടെയുണ്ടായിരുന്നത്. ഇസ്രയേല്‍ സ്വതന്ത്രമായതോടെ കൊച്ചിയിലുണ്ടായിരുന്ന ജൂതര്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയിരുന്നു. കൊച്ചിയില്‍ ഒരാള്‍ മാത്രമാണ് ശേഷിക്കുന്നത്. സമൂഹം ഒന്നാകെ ഇസ്രയേലിലേക്ക് മടങ്ങിയെങ്കിലും, അവര്‍തന്നെയാണ് ജൂതപ്പള്ളിയുടെ മേൽനോട്ടം വഹിക്കുന്നത്.
വേണ്ടത്ര ആളില്ലാത്തതിനാല്‍ പള്ളിയില്‍ ആരാധന നടക്കാറില്ല. എന്നാല്‍ വിദേശസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന കേന്ദ്രമാണിത്. ഇസ്രയേല്‍-ഹമാസ് യുദ്ധം ശക്തമായ കാലത്തും വിദേശ വിനോദസഞ്ചാരികളടക്കം നൂറുകണക്കിനാളുകള്‍ പള്ളി സന്ദര്‍ശിച്ചുവരുകയാണ്. പള്ളിയുമായി ബന്ധപ്പെട്ട ടൂറിസത്തെ ആശ്രയിച്ചാണ് ഈ പ്രദേശത്തിന്റെ നിലനില്‍പ്പ്. നിരവധി കച്ചവട കേന്ദ്രങ്ങളും ഇതിനെ ആശ്രയിച്ച് നില്‍ക്കുന്നു. പോലീസ് സുരക്ഷ ശക്തമാക്കിയെങ്കിലും ബുദ്ധിമുട്ടൊന്നുമില്ലാതെ സഞ്ചാരികള്‍ക്ക് പള്ളി സന്ദർശിക്കുന്നതിന് സാഹചര്യമുണ്ട്.
#favorite #destination #tourists #visiting #Kochi#Security #has #been #tightened #Jewish #temple #Mattancherry
