പത്തനംതിട്ട: ( www.truevisionnews.com ) കെട്ടിട നികുതി കുടിശ്ശിക അടയ്ക്കാൻ ആവശ്യപ്പെട്ട വില്ലേജ് ഓഫിസറെ വീട്ടിൽകയറി വെട്ടുമെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറിയുടെ ഭീഷണി. നാരങ്ങാനം വില്ലേജ് ഓഫിസറെ ഏരിയ സെക്രട്ടറി എം.വി.സഞ്ജു ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം പുറത്തായി. വില്ലേജ് ഓഫിസറാണ് പ്രകോപനപരമായി സംസാരിച്ചതെന്ന് സഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. വില്ലേജ് ഓഫിസറുടെ പ്രതികരണം ലഭ്യമായില്ല.

വില്ലേജ് ഓഫിസർ: 2022 മുതൽ 2025 വരെയുള്ള നികുതി സഞ്ജു അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും അടച്ചിട്ടില്ല. നിങ്ങളൊക്കെ വലിയ ആളുകളാണ്. വലിയ രാഷ്ട്രീയ പാർട്ടിയുടെ ആളാണ്. പക്ഷേ, ചോദ്യം വന്നാൽ ഞങ്ങൾക്ക് കലക്ടറുടെയും ഡപ്യൂട്ടി കലക്ടറുടെയും മുന്നിൽ മുട്ടുമടക്കി നിൽക്കാനേ കഴിയൂ. അതുകൊണ്ട് നാളെ ഉച്ചയ്ക്കു മുൻപ് നികുതി അടയ്ക്കണം.
സഞ്ജു: എവിടെയുള്ള ആളാ സാർ? എവിടെയാ വീട്?
വില്ലേജ് ഓഫിസർ: ഞാൻ കേരളത്തിലുള്ള ആളാ. വില്ലേജ് ഓഫിസറായി ജോലി ചെയ്തു കുടുംബം പുലർത്താൻ വന്നതാ.
സഞ്ജു: പുതിയ ആളായതു കൊണ്ട് എവിടത്തുകാരനാണെന്ന് ചോദിച്ചതാണ്.
ഓഫിസര്‍: നമുക്ക് സൗഹൃദത്തിൽ മുന്നോട്ടുപോകാം. നികുതി അടയ്ക്കില്ല എന്നു പറഞ്ഞ് ഇനി മുന്നോട്ടു പോകാനാകില്ല.
സഞ്ജു: നികുതി അടച്ചില്ലെങ്കിലോ?
ഓഫിസർ: നടപടിയെടുക്കും
സഞ്ജു: നിന്നെ വില്ലേജ് ഓഫിസിൽ കയറിവെട്ടും. മര്യാദയ്ക്ക് സംസാരിക്കണം.
2022 മുതൽ 2025 വരെ സഞ്ജു കെട്ടിട നികുതി അടച്ചിട്ടില്ല എന്നാണ് വില്ലേജ് ഓഫീസർ ഫോൺ സംഭാഷണത്തിൽ പറയുന്നത്. സൗഹൃദത്തിൽ മുന്നോട്ടുപോകാമെന്നും അടക്കാനില്ല എന്ന് പറഞ്ഞാൽ ശരിയാവില്ലെന്നും വില്ലേജ് ഓഫീസർ പറയുന്നുണ്ട്. എന്നാൽ അടച്ചില്ലെങ്കിൽ എന്തുചെയ്യുമെന്നാണ് സഞ്ജു ചോദിക്കുന്നത്. നടപടിയെടുക്കുമെന്ന് പറയുമ്പോഴാണ് സഞ്ജു വില്ലേജ് ഓഫീസിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നത്. ഫോൺ സംഭാഷണത്തിനിടെ സഞ്ജു വില്ലേജ് ഓഫീസറെ തെറി വിളിക്കുകയും ചെയ്യുന്നുണ്ട്.
#cpm #leader #threaten #village #officer
