യാത്ര , അതൊരു വേറിട്ട അനുഭവം തന്നെയാണ്. ഓരോ യാത്രക്കിടയിലും നാം കണ്ടുമുട്ടുന്ന ഓരോ സ്ഥലവും മനുഷ്യരും, എന്തിന് ഒരു ഇല പോലും നാം മനസ്സിൽ എന്നും ഓർത്തിരിക്കും. ഇത്തരത്തിൽ യാത്ര ഇഷ്ടമുളളവർക്ക് പോകാൻ പറ്റിയ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് വയനാട്ടിലെ പെരുന്തട്ട എന്ന ഗ്രാമം.

കാപ്പിത്തോട്ടവും തേയിലത്തോട്ടവും ചെറുവനവും ചേർന്നു നിൽക്കുന്ന ഇടം, ചെമ്പ്രയുടെയും മൈലാടിപ്പാറയുടെയും ദൃശ്യം തെളിഞ്ഞു കാണുന്ന പ്രദേശം തുടങ്ങിയ ആശ്ചര്യ സവിശേഷതകളൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്നു പെരുന്തട്ട.
കൽപറ്റ നഗരത്തിൽനിന്നു വിളിപ്പാടകലെയുള്ള ഒരു പ്ലാന്റേഷൻ ഗ്രാമമാണിത്. ദേശീയപാതയിൽനിന്ന് കോഫിബോർഡ് ഗവേഷണ കേന്ദ്രത്തിലേക്കുള്ള ചെറിയ റോഡിലൂടെ അൽപനേരം സഞ്ചരിച്ചാൽ പെരുന്തട്ടയിൽ എത്താം.
വഴിയിൽ കോഫി ബോർഡ് നിയന്ത്രണത്തിലുള്ള കാപ്പിത്തോട്ടമാണ് ആദ്യം. മികച്ച രീതിയിൽ വളർത്തിയെടുത്ത കാപ്പിച്ചെടികൾ നിറഞ്ഞു നിൽക്കുന്ന തോട്ടം. വെയിലേറ്റു വെട്ടിത്തിളങ്ങി നിൽക്കുന്ന മൈലാടിപ്പാറ. മറുഭാഗത്ത് തലയുയർത്തി പല മടക്കുകളായി പടർന്നുയർന്നു നിൽക്കുന്ന അതി സുന്ദരമായ ചെമ്പ്ര മലനിരകളും കാണാം.
തേയിലത്തോട്ടങ്ങൾക്കപ്പുറം വനമാണ്. വന്മരങ്ങൾ ഇല്ലെങ്കിലും പുലി ഉൾപ്പെടെയുള്ള വന്യജീവികൾ ഉള്ള വനം. കാടുമൂടി പടർന്നു കിടക്കുന്ന കുന്നുകളിൽനിന്ന് ഇടയ്ക്ക് പുലിയും കാട്ടുമുയലുമൊക്കെ പെരുന്തട്ടയുടെ വഴിയിടകളിലേക്ക് ഇറങ്ങാറുണ്ട്.
സുന്ദരമായ ഒരു പ്രഭാതം അല്ലെങ്കിൽ അതിലും സുന്ദരമായ ഒരു സായാഹ്നം, ബഹളങ്ങളിൽ നിന്നൊഴിഞ്ഞ്, പ്രകൃതിയുടെ സൗന്ദര്യത്തിലും ഗാംഭീര്യത്തിലും മുഴുകി ചെലവഴിക്കാൻ പറ്റിയ ഇടമാണ് പെരുന്തട്ട.
#Perumthatta #wayanad #tourist #place #travel
