(www.truevisionnews.com) തലമുടി സംരക്ഷണത്തിന് പണ്ടുമുതല്‍ തന്നെ ഉപയോഗിച്ചു വന്നിരുന്ന സ്വാഭാവിക പ്രയോഗങ്ങളില്‍ ഒന്നാണ് കഞ്ഞിവെള്ളം കൊണ്ട് തല കഴുകുന്നത്. കഞ്ഞിവെള്ളത്തില്‍ പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. തലമുടി കൊഴിച്ചിലും താരനും മാറ്റാനും തലമുടി വളരാനും കഞ്ഞിവെള്ളം സഹായിക്കും. തലമുടിയുടെ അറ്റം പിളരുന്നത് തടയാനും കഞ്ഞി വെള്ളം ഗുണം ചെയ്യും.

ഇതിനായി തലേന്നത്തെ കഞ്ഞിവെള്ളം തലയില്‍ ഒഴിച്ചതിന് ശേഷം 10 മിനിറ്റ് മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം തല കഴുകാം. ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും ഇങ്ങനെ ചെയ്യുന്നത് ഫലം നല്‍കും. അതുപോലെ ഉലുവയിട്ട് വച്ച കഞ്ഞിവെള്ളം കൊണ്ട് തല കഴുകുന്നതും മുടി വളരാന്‍ സഹായിക്കും.
കഞ്ഞിവെള്ളത്തില്‍ കറ്റാര്‍വാഴ കൂടി ചേര്‍ക്കുന്നതും ഗുണം കൂട്ടും. കറ്റാർവാഴയിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി പൊട്ടിപോകാനുള്ള സാധ്യതയെ നിയന്ത്രിച്ചു നിർത്തുകയും താരനെയും മുടി കൊഴിച്ചിലിനെയും തടയുകയും ചെയ്യും.
കഞ്ഞിവെള്ളം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. കഞ്ഞി വെള്ളത്തിന് ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളായ ബി, ഇ തുടങ്ങിയവയും അടങ്ങിയതാണ് കഞ്ഞിവെള്ളം. അതിനാല്‍ കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് ചർമ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം തിളക്കമുള്ളതും മൃദുവായതുമാകാനും സഹായിക്കും. അമിനോ ആസിഡുകള്‍ അടങ്ങിയ കഞ്ഞി വെള്ളം കൊണ്ട് മുഖം കഴുകുന്നത് കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും ഗുണം ചെയ്യും.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്തും തലമുടിയിലും പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.
#Solution #hairloss#dandruff#using #porridge#water #like
