തിരുവനന്തപുരം: (truevisionnews.com) വിഴിഞ്ഞം ഹാര്‍ബര്‍, വിഴിഞ്ഞം തെക്ക് ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ എന്നിവിടങ്ങളില്‍ വള്ളം കരക്കടുപ്പിക്കുന്നതിനുള്ള സൗകര്യം മെച്ചപ്പെടുത്തി തീരം പുനസ്ഥാപിക്കാൻ പദ്ധതി.

ഇതിനു വേണ്ടി 77 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. നിലവില്‍ പരമ്പരാഗത യാനങ്ങള്‍ ഇവിടെ കരക്കടുപ്പിക്കാന്‍ പ്രയാസം അനുഭവിക്കുന്നത് കണക്കിലെടുത്താണ് തീരം പുനസ്ഥാപിക്കാന്‍ സർക്കാർ നടപടിയെടുത്തത്.
സാന്‍ഡ് പമ്പ് ഉപയോഗപ്പെടുത്തി ഡ്രഡ്‌ജിംഗ് നടത്തി മണ്ണ് നിക്ഷേപിച്ചാണ് തീരം വീണ്ടെടുക്കുക. എത്രയും വേഗം ഇതിനുള്ള പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
അതേസമയം വിഴിഞ്ഞം ഭൂഗർഭ റെയിൽപാതയുടെ വിശദമായ പദ്ധതി റിപ്പോർട്ടിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കൊങ്കൺ റെയിൽ കോർപറേഷൻ തയ്യാറാക്കിയ ഡിപിആറാണ് അംഗീകരിച്ചത്.
1482.92 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി. വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. 2028 ഡിസംബറിന് മുൻപ് റെയിൽ പാത ഗതാഗത യോഗ്യമാക്കാനാണ് തീരുമാനം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ വികസനത്തിൽ പ്രധാനമായ അനുബന്ധ പദ്ധതിയാണിത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പദ്ധതികൾക്കൊന്നും പണം തടസമാകില്ലെന്ന് സംസ്ഥാന ബജറ്റിൽ തന്നെ സർക്കാർ വ്യക്തമാക്കിയതാണ്.
#project #aims #restore #shoreline #improving #boat #landing #facilities #Vizhinjam #Harbor #Vizhinjam #South #Fish #Landing #Center.
